മലപ്പുറം: വന്യജീവി ആക്രമണ വിഷയം ടിഎംസി പ്രതിനിധി സമ്മേളനത്തിൽ ഉന്നയിച്ച് മഹുവ മൊയ്ത്ര എംപി. എല്ലാ കാര്യത്തിനും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് പകരം കേരളത്തിലെ സർക്കാരും ചിലത് ചെയ്യാനുണ്ടെന്ന് മഞ്ചേരിയിൽ നടന്ന തൃണമൂൽ കോൺഗ്രസ് കോൺക്ലേവിൽ മഹുവ മൊയ്ത്ര പറഞ്ഞു.
'29% വനം കേരളം സംരക്ഷിക്കുന്നുണ്ട്. അത് നല്ല കാര്യമാണ്. എന്നാൽ അതിനോടൊപ്പം തന്നെ മനുഷ്യ വന്യജീവി സംഘർഷം കുറയ്‌ക്കാൻ ഗവൺമെൻ്റ് ബാധ്യസ്ഥരാണെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. 'കഴിഞ്ഞ നാല് വർഷത്തിനിടയ്‌ക്ക് 486 പേരാണ് വന്യജീവി ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ വർഷം മാത്രം 58 പേർ മരിച്ചു. കഴിഞ്ഞ 8 വർഷത്തിനിടയ്‌ക്ക് 940 മരണങ്ങള്‍ ഉണ്ടായി. പന്ത്രണ്ടായിരം പേർക്ക് പരിക്കേറ്റു.
600 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്‌ക്ക് നഷ്‌ടപരിഹാരമായി നൽകിയത്. 120 കോടി രൂപയുടെ കൃഷി നശിപ്പിക്കപ്പെട്ടു. 25,000 രൂപയാണ് ഓരോ ഏക്കറിനും നൽകപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്‌ക്ക് മരിച്ച 70% ആളുകളുടെയും നഷ്‌ടപരിഹാരം ഇതുവരെയും നൽകിയിട്ടില്ല. പരിക്കേറ്റ 500ഓളം ആളുകൾക്കും ഇതുവരെയും നഷ്‌ട പരിഹാരം നൽകിയിട്ടില്ല. ആനകളുടെ എണ്ണം കൂടുമ്പോഴും ആനയെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരു സംവിധാനം പോലും സർക്കാർ ചെയ്യുന്നില്ലെന്നും' അവർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഇവിടെ ഒരു വന്യജീവി ആക്രമണം ഉണ്ടായാൽ നാല് മണിക്കൂർ മുതൽ ആറ് മണിക്കൂർ കഴിഞ്ഞാണ് അധികാരികൾ എത്തിച്ചേരുന്നത്. ഇതിന് കാരണം ജീവനക്കാരുടെ ദൗർലഭ്യമാണ്. വനം നിയമങ്ങൾ ഉപയോഗിക്കുന്നതിനായി സർക്കാർ എന്തിനാണ് മടിച്ച് നിൽക്കുന്നതെന്നും' അവർ ചോദിച്ചു.
നഷ്‌ടപരിഹാരം നൽകാനായി കേരളം ചോദിച്ച 50 കോടി നൽകിയില്ലെങ്കിലും കേന്ദ്രം അനുവദിച്ച 30 കോടിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാന്‍ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. രാഷ്‌ട്രീയ വിഷയങ്ങൾ ഏറ്റെടുക്കുമ്പോൾ അത് നൂറ് ശതമാനമാണ് ടിഎംസി ഏറ്റെടുക്കുന്നത്. സിഎഎയ്‌ക്കെതിരെ മുസ്ലിം ലീഗ് പെറ്റിഷൻ കൊടുത്തപ്പോൾ താൻ അതിനെതിരെ കോപെറ്റിഷൻ കൊടുത്തു.
തങ്ങൾ എന്ത് ഏറ്റെടുത്താലും അത് നൂറ് ശതമാനമാണ് ഏറ്റെടുക്കുന്നത്. ആര് മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചില്ലെങ്കിലും പാർലമെൻ്റിൽ മണിപ്പൂരിലെ ജനതയ്ക്ക് വേണ്ടി തങ്ങൾ സംസാരിക്കും. എല്ലാ മനുഷ്യർക്ക് വേണ്ടിയും സംസാരിക്കുന്ന ഒരു പാർട്ടിയാണ് തൃണമൂൽ കോൺഗ്രസെന്നും മഹുവ മൊയ്ത്ര എംപി പറഞ്ഞു.