ന്യൂഡൽഹി: ഇന്ത്യയില്‍ നിന്ന് പഠനത്തിനും ജോലിക്കും മറ്റുമായി വിദേശ രാജ്യങ്ങളിലേക്ക്, വിശേഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടിവരികയാണ്. വിദേശത്തേക്ക് കടക്കാനുള്ള പ്രധാന കടമ്പയാണ് ഇംഗ്ലീഷ് ഭാഷാ പരീക്ഷ. ഇംഗ്ലീഷിലുള്ള പ്രാവീണ്യം തെളിയിച്ചാലാണ് ഈ കടമ്പ കടക്കാനാവുക. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നവരിൽ 62 ശതമാനത്തിലധികം പേരും തങ്ങളുടെ ഇന്ത്യൻ ഉച്ചാരണം (ആക്‌സെന്‍റ്) വാചാ പരീക്ഷാ ഫലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നതായാണ് പഠനം.
പഠനം, ജോലി, മൈഗ്രേഷൻ വിസകൾക്കായുള്ള ഇംഗ്ലീഷ് പരീക്ഷ എഴുതുന്നവരില്‍ പിയേഴ്‌സൺ ടെസ്‌റ്റ് ഓഫ് ഇംഗ്ലീഷ് ഫോര്‍ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ജോലി, പഠനം അല്ലെങ്കിൽ കുടിയേറ്റ ആവശ്യങ്ങൾക്കായി ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ എഴുതിയതോ എഴുതാന്‍ പദ്ധതിയിടുന്നതോ ആയ 1,000 പേരിലാണ് സർവേ നടത്തിയത്. പ്രതികരിച്ചവരിൽ 96 ശതമാനം പേരും ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ ഭാഗമായി ഭാഷാ ടെസ്‌റ്റ് എഴുതിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സർവേ പ്രകാരം, ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഇന്ത്യൻ ഉച്ചാരണങ്ങൾ ഒഴിവാക്കുന്നത് പരീക്ഷാ സ്കോറുകളെ പോസിറ്റീവായി ബാധിക്കുമെന്ന് പരീക്ഷ എഴുതുന്ന അഞ്ചിൽ മൂന്ന് പേരും (63 ശതമാനം) വിശ്വസിക്കുന്നു. 74 ശതമാനത്തിലധികം പേരും തങ്ങളുടെ രൂപം പരീക്ഷാ സ്കോറിനെ ബാധിക്കുമെന്ന് കരുതുന്നതായും പിയേഴ്‌സൺ സർവേ പറയുന്നു.
പ്രതികരിച്ചവരിൽ 59 ശതമാനം പേരും അവരുടെ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍ത്തിരിക്കുമെന്ന് വിശ്വസിക്കുന്നതായി സർവേ പറയുന്നു. വസ്‌ത്രധാരണം അടിസ്ഥാനപ്പെടുത്തി തെറ്റായ ധാരണ സൃഷ്‌ടിക്കാൻ കഴിയുമെന്ന് ഏകദേശം 64 ശതമാനം പേരും വിശ്വസിക്കുന്നു. മഹാരാഷ്‌ട്രയില്‍ പരീക്ഷ എഴുതുന്നവരിൽ ഈ ധാരണകൾ ശക്തമാണെന്നും സര്‍വേ പറയുന്നു. അവിടെ 67 ശതമാനം പേരും ഈ വിശ്വാസം പുലർത്തുന്നു എന്നാണ് കണക്ക്.
ജോലിയുടെ സ്വഭാവവും വിദ്യാഭ്യാസ പശ്ചാത്തലവും തങ്ങളോടുള്ള പെരുമാറ്റ രീതിയെ സ്വാധീനിക്കുമെന്ന് നല്ലൊരു ശതമാനവും വിശ്വസിക്കുന്നതായി സര്‍വേ പറയുന്നു. പ്രതികരിച്ചവരിൽ പത്തിൽ ഏഴ് പേരും, പ്രത്യേകിച്ച് മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ളവർ അഭിമാനകരമായ ജോലിയോ ഉയര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലമോ ഉണ്ടെങ്കിൽ തങ്ങൾക്ക് കൂടുതൽ ബഹുമാനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
ബാഹ്യരൂപം ഫലങ്ങളെ സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ പഞ്ചാബ് ആണ്. സംസ്ഥാനത്ത് പ്രതികരിച്ചവരില്‍ 77 ശതമാനം പേരും ഇത്തരമൊരു ചിന്ത വച്ചുപുലര്‍ത്തുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആളുകളുടെ ഉച്ചാരണവും രൂപവും ബന്ധപ്പെടുത്തിയുള്ള അരക്ഷിതാവസ്ഥ ഇന്ത്യയിൽ വർഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും ഇത് അവരുടെ ഭാവിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിയേഴ്‌സൺ ഇന്ത്യയുടെ ഇംഗ്ലീഷ് ഭാഷാ പഠന ഡയറക്‌ടർ പ്രഭുൽ രവീന്ദ്രൻ പറഞ്ഞു. ഈ ചിന്ത ആത്യന്തികമായി അവരുടെ വരുമാന സാധ്യതയെ ബാധിക്കുന്നു. ആളുകളുടെ ഭാവി പലപ്പോഴും അപകടത്തിലാകുന്ന നിർണായക സാഹചര്യങ്ങളിൽ പോലും ഇത് സംഭവിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.
എങ്കിലും പിയേഴ്‌സണിൽ ഞങ്ങൾ ഈ സ്ഥിതിക്ക് മാറ്റം കൊണ്ടുവരികയാണെന്നും പ്രഭുൽ രവീന്ദ്രൻ പറഞ്ഞു. പ്രതികരിച്ചവരിൽ മൂന്നിൽ രണ്ട് പേരും (64 ശതമാനം) ഒരു പ്രത്യേക ഉച്ചാരണം സ്‌പീക്കിങ് ടെസ്റ്റിൽ പ്രകടിപ്പിച്ചാല്‍ മികച്ച സ്കോർ നേടാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ളവർ ഉൾപ്പെടെ മുപ്പത്തിയഞ്ച് ശതമാനം പേർ അമേരിക്കൻ ഉച്ചാരണം മികച്ച പരീക്ഷാ സ്കോറുകൾക്ക് കാരണമാകുമെന്നാണ് വിശ്വസിക്കുന്നത്.
അതേസമയം 21 ശതമാനം പേർ, പ്രത്യേകിച്ച് ഉത്തർപ്രദേശിലുള്ളവർ, ബ്രിട്ടീഷ് ഉച്ചാരണം തങ്ങളുടെ നേട്ടത്തിന് കാരണമാകുമെന്നാണ് പറയുന്നത്. ഔപചാരികമായി വസ്‌ത്രം ധരിക്കുന്നതിലൂടെ ഒരു പ്രൊഫഷണൽ പ്രതീതി സൃഷ്‌ടിക്കാൻ കഴിയുമെന്ന് നാലിൽ മൂന്ന് പേർ (76 ശതമാനം) വിശ്വസിക്കുന്നു. പിയേഴ്‌സണ്‍ കഴിഞ്ഞ മാസം ആരംഭിച്ച ഗ്ലോബൽ ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി റിപ്പോർട്ട് അനുസരിച്ച്, ഇംഗ്ലീഷ് സംസാരിക്കുന്നതിൽ ഇന്ത്യ ആഗോള ശരാശരിയേക്കാൾ മുകളിലാണ്.
ഡൽഹിയാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നിലായി രാജസ്ഥാനുമുണ്ട്. ഇന്ത്യയുടെ ശരാശരി ഇംഗ്ലീഷ് നൈപുണ്യ സ്കോർ (52) ആഗോള ശരാശരിയേക്കാൾ (57) കുറവാണെങ്കിലും, രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള സ്കോർ (57) ആഗോള ശരാശരിയേക്കാൾ കൂടുതലാണ് (54) എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പഠിതാക്കളുടെ അറിവിലും കഴിവുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൂടുതൽ ന്യായമായ സംവിധാനങ്ങളുടെ ആവശ്യകത എടുത്തുകാണിക്കുന്നു.