എടക്കര: ആശുപത്രിയില്‍ നിന്ന് മടങ്ങവെ കാട്ടാനയുടെ മുന്നിലകപ്പെട്ട് ആദിവാസി കുടുംബം. കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് യുവതിക്ക് പരിക്കേറ്റു. പോത്തുകല്‍ അപ്പന്‍കാപ്പ് നഗറിലെ മൂപ്പന്‍ കൃഷ്‌ണന്‍ കുട്ടിയുടെ ഭാര്യ രമണിക്കാണ് (45) പരിക്കേറ്റത്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് (ഞായറാഴ്‌ച) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ശനിയാഴ്‌ച രാത്രി എട്ടോടെ രമണിയും മകന്‍ കിഷോര്‍, മരുമകള്‍ റിനി എന്നിവര്‍ കിഷോറിന്‍റെ ഒന്നര വയസുള്ള കുട്ടി റിതിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോള്‍ പുലര്‍ച്ചെ രണ്ട് മണിയായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപ്പന്‍കാപ്പ് നഗറിലുള്ള വായനശാലക്ക് മുന്നിലെത്തിയപ്പോഴാണ് വഴിയരികില്‍ നില്‍ക്കുന്ന മോഴയാനയുടെ ചിന്നംവിളി കേട്ടത്. ഭയന്നോടുന്നതിനിടെ രമണി വീഴുകയായിരുന്നു. അടുത്തിടെയായി അപ്പന്‍കാപ്പ് നഗറിനോട് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ തമ്പടിക്കുന്ന മോഴയാനയാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നഗറിലെത്തിയ ആന അംഗന്‍വാടിക്ക് സമീപമെത്തിയും ഭീതി പരത്തിയിരുന്നു.