കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാന ദമ്പതികളെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. ദമ്പതികളുടെ മൃതദേഹങ്ങള്‍ മാറ്റാൻ നാട്ടുകാര്‍ അനുവദിച്ചില്ല. ജില്ലാ കലക്‌ടർ എത്തണമെന്നാണ് പ്രധാന ആവശ്യം. നിരന്തരമായി കാട്ടാന ആക്രമണം നേരിടുന്ന പ്രദേശമാണ് ആറളം ഫാം.
സംഭവം വളരെ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ആറളത്ത് ആന മതിൽ നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി 2020 ൽ ലഭിച്ചതാണെന്നും സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും സണ്ണി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. വനം വകുപ്പ് തികഞ്ഞ പരാജയം ആണെന്നും എത്ര ആനകൾ പുനരാധിവാസ മേഖലയിൽ തങ്ങുന്നു എന്നുപോലും അവർക്ക് കണക്കില്ലെന്നും എംഎല്‍എ പറഞ്ഞു.
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. വേലി നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇഴഞ്ഞു നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനെതിരെ മേഖലയിൽ പ്രതിഷേധം ശക്തമാണ്. ഈ വർഷം ഇതുവരെ 11 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.
അതേസമയം, ആറളം ഫാം പുനരധിവാസ മേഖലയിൽ 137 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപെട്ട ഉത്തരവ് ഉണ്ടായത് ഈ മാസം 12ന് ആയിരുന്നു. ആലക്കോട്, ഉദയഗിരി, നടുവിൽ, ചെറുപുഴ, കോളയാട്, പേരാവൂർ, മാങ്ങാട്ടിടം, ഉളിക്കൽ, ആറളം, കണിച്ചാർ, പാട്യം പഞ്ചായത്തുകൾ, കണ്ണൂർ കോർപറേഷൻ, ശ്രീകണ്‌ഠാപുരം, മട്ടന്നൂർ നഗരസഭകൾ എന്നിവിടങ്ങളിലെ 137 കുടുംബങ്ങളാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്.
ഓരോ കുടുംബത്തിനും ഒരേക്കർ ഭൂമി നൽകണമെന്നാണ് തീരുമാനം. ആറളം പുനരധിവാസ മിഷന്‍റെ ഭാഗമായി റദ്ദാക്കിയ ഭൂമി പുനർവിതരണം, തുടരുന്ന നടപടിയുടെ ഭാഗമാണിത്. 5 ഘട്ടങ്ങളിലായി 3375 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചിരുന്നു. അതിൽ 1,746 കുടുംബങ്ങൾ അനുവദിച്ച സ്ഥലത്ത് താമസിക്കുന്നില്ലെന്ന് സർവേയിലൂടെ കണ്ടെത്തിയിരുന്നു. ഇതിൽ 1,017 പേരുടെ പട്ടയം കലക്‌ടർ റദ്ദാക്കിയിരുന്നു. ഇതിൽ നിന്ന് ഏറ്റവും വാസയോഗ്യമായ 220 പ്ലോട്ടുകൾ തെരഞ്ഞെടുത്താണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്‌തത്.
മുമ്പ് അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് 121 പേർ പ്ലോട്ട് മാറി താമസിക്കുന്നുണ്ട്. 250 ഉപകുടുംബങ്ങളും പുറമേ നിന്നുള്ള 93 പേരും രേഖകളില്ലാതെ താമസിക്കുന്നുണ്ട്. ഇവർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ ഓപ്പറേഷൻ എലിഫന്‍റ് ദൗത്യം കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് നടന്നത്.
2 ഘട്ടങ്ങളിലായി നടന്ന ശ്രമങ്ങളിൽ 18 ആനകളെ കാടു കയറ്റിയിരുന്നു. ഇപ്പോഴും 20 ഓളം ആനകൾ പുനരധിവാസ മേഖലയിൽ തന്നെ തമ്പടിക്കുന്നുണ്ട്. ഇവയെയും പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും തമ്പടിച്ച മറ്റ് ആനകളെയും തുരത്താനുള്ള ശ്രമം തുടരും എന്ന് നിർദേശം നൽകിയിരുന്നു.
ഘട്ടംഘട്ടംമായി തുരത്തൽ തുടർന്ന്, ആനമതിൽ നിർമാണം പൂർത്തിയാകുന്നതോടെ പുർണമായും ഫാമും പുനരധിവാസ മേഖലയും കാട്ടാന വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം. ഫാം കൃഷിയിടത്തിലെ 3,200 ഏക്കർ സ്ഥലത്തിന് സംരക്ഷണം നൽകുന്ന വിധം ഫാം നേരിട്ട് സോളർ വൈദ്യുതി തൂക്കുവേലിയും നിർമിച്ചിട്ടുണ്ട്. ഇതേ സ്ഥലത്താണ് വീണ്ടും കാട്ടാന ആക്രമണം ഉണ്ടായത്.