കേരളം

kerala

ETV Bharat / technology

'സാമൂഹ്യ മാധ്യമങ്ങളിലൂടെ കൗമാരക്കാരെ വഴി തെറ്റിച്ചു' ; മാപ്പുപറഞ്ഞ് സക്കര്‍ബര്‍ഗ്

കൗമാരക്കാരെ വഴി തെറ്റിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തതില്‍ കുറ്റബോധവുമായി സക്കര്‍ബര്‍ഗ് അടക്കമുള്ള സാമൂഹ്യ മാധ്യമ ഉടമകള്‍

By ETV Bharat Kerala Team

Published : Feb 1, 2024, 11:07 AM IST

Updated : Feb 1, 2024, 1:30 PM IST

social media platforms  Mark Zuckerberg  മാപ്പു പറയുന്നതായി സക്കര്‍ ബര്‍ഗ്  കൗമാരക്കാരെ വഴി തെറ്റിച്ചു
Zuckerberg apologizes to families who affected his social media platforms

വാഷിംഗ്‌ടണ്‍ :മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സെനറ്റ് ജുഡീഷ്യറി സമിതി. ഇദ്ദേഹത്തിന്‍റെ സാമൂഹ്യമാധ്യമ സൈറ്റുകള്‍ വന്‍തോതില്‍ കൗമാരക്കാരെ വഴി തെറ്റിച്ചു എന്നാണ് ആരോപണം(social media platforms). സക്കര്‍ബര്‍ഗിന്‍റെ കൈകളില്‍ ആ കുട്ടികളുടെ ചോരപുരണ്ടിട്ടുണ്ടെന്നും സമിതി വിമര്‍ശിച്ചു (Mark Zuckerberg ). തന്‍റെ സാമൂഹ്യമാധ്യമ സൈറ്റുകള്‍ വേദനിപ്പിച്ച എല്ലാ കുടുംബത്തോടും താന്‍ പരസ്യമായി മാപ്പുപറയുന്നതായി സക്കര്‍ ബര്‍ഗ് അറിയിച്ചു.

നിങ്ങള്‍ കടന്നുപോയ എല്ലാ വേദനകള്‍ക്കും താന്‍ മാപ്പുപറയുന്നു. ഇനിയും ഒരു കുടുംബത്തിനും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ സാമൂഹ്യമാധ്യമസൈറ്റുകളിലൂടെ യുവാക്കള്‍ വഴി തെറ്റാതിരിക്കാന്‍ ആഗോളതലത്തില്‍ തന്നെ മെറ്റ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ കുടുംബങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

ഇദ്ദേഹമടക്കം അഞ്ച് ടെക് ഭീമന്‍മാര്‍ വിചാരണ ചെയ്യപ്പെടുന്നതിനിടെയാണ് സക്കര്‍ബര്‍ഗിന്‍റെ മാപ്പുപറച്ചില്‍. സക്കര്‍ബര്‍ഗ്, സ്നാപ് സിഇഒ ഇവാന്‍ സ്പൈജെല്‍, എക്‌സ് (മുന്‍ ട്വിറ്റര്‍) സിഇഒ ലിന്‍ഡ യക്കാരിനോ, ടിക്ക് ടോക്ക് സിഇഒ ഷൗച്യു, ഡിസ്കോര്‍ഡ് സിഇഒ ജാസോണ്‍ സിട്രോണ്‍ എന്നിവരാണ് വിചാരണ നേരിടുന്നത്. ഇവ കുട്ടികളില്‍ ഉണ്ടാക്കുന്ന ദൂഷ്യങ്ങള്‍ സെനറ്റ് ജുഡീഷ്യറി സമിതി പരിശോധിച്ചു.

കുട്ടികള്‍ക്ക് കടുത്ത ദൂഷ്യങ്ങള്‍ സമ്മാനിച്ച ശതകോടീശ്വരനായ സക്കര്‍ബര്‍ഗ് ഇവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്ന് മിസൗറിയില്‍ നിന്നുള്ള സെനറ്റംഗം ജോഷ് ഹവ്‌ലി ആവശ്യപ്പെട്ടു. ഈ സാങ്കേതിക ഭീമന്‍മാര്‍ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനുമുണ്ടാക്കിയ നഷ്ടം എത്ര കടുത്തതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആവശ്യം.

നിരവധി കുട്ടികളുടെ രക്ഷിതാക്കളാണ് വിചാരണ നടക്കുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നത്. തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങളുമേന്തിയാണ് ഇവര്‍ എത്തിയത്. ഈ കുടുംബങ്ങളുടെ ദുഃഖത്തില്‍ വിചാരണ കോടതി മുറി നിശബ്‌ദമായി. ടെക്‌സാസില്‍ നിന്നുള്ള സെനറ്റംഗം ടെഡ് ക്രൂസ്, സൗത്ത് കരോലിന സെനറ്റംഗം ലിന്‍ഡ്‌സെ ഗ്രഹാം തുടങ്ങിയവര്‍ വിചാരണയില്‍ പങ്കെടുത്തു.

ആളുകളെ കൊല്ലുന്ന ഉള്ളടക്കങ്ങളാണ് ഇത്തരം സാമൂഹ്യമാധ്യമങ്ങളില്‍, പ്രത്യേകിച്ച് മെറ്റയില്‍ എന്ന് വിചാരണവേളയില്‍ ലിന്‍ഡ്‌സെ ഗ്രഹാം ചൂണ്ടിക്കാട്ടി. വെബ്സൈറ്റുകള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന സെക്ഷന്‍ 230 ഇല്ലാതാക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു. സൗത്ത് കരോലിനയിലെ സെനറ്റംഗം ബ്രാന്‍ഡണ്‍ ഗുഫെയ്ക്കും സ്വന്തം മകനെ സാമൂഹ്യമാധ്യമം മൂലം നഷ്‌ടമായെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

മകന്‍റെ സംസ്‌കാരത്തിന് ശേഷം പോലും കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി പണം ആവശ്യപ്പെട്ട് ആളുകള്‍ രംഗത്ത് വന്നതായി ഗുഫെ ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റഗ്രാമിലൂടെ ലൈംഗിക ചൂഷണത്തിന് ഇരയായതിന് തൊട്ടുപിന്നാലെയായിരുന്നു ഗുഫെയുടെ മകന്‍റെ ആത്മഹത്യ. മെറ്റക്കെതിരെ അസ്വാഭാവിക മരണത്തിനുള്ള വകുപ്പുകള്‍, അവഗണന, അടക്കമുള്ള കുറ്റങ്ങള്‍ എന്നിവ ചാര്‍ത്തിയാണ് ഗുഫെ കേസ് നല്‍കിയിട്ടുള്ളത്.

ഇക്കാര്യത്തില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും ഒന്നിച്ച് നില്‍ക്കുന്ന കാഴ്ചയും വിചാരണയില്‍ കാണാനായി. അതേസമയം ഇത്തരം സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ഇനിയും നിയമം കൊണ്ടുവരാനായിട്ടില്ല. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള ചുരുങ്ങിയ പ്രായം സംബന്ധിച്ച് സംസ്ഥാനങ്ങളും ഫെഡറല്‍ സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് നിയമം വൈകിക്കുന്നത്. രക്ഷിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് സാങ്കേതിക കമ്പനി സിഇഒമാരും വിചാരണ വേളയില്‍ പറഞ്ഞു.

എല്ലാ ആപ്പുകളും ഉപയോഗിക്കാന്‍ തങ്ങളുടെ പതിമൂന്ന് വയസുകാരി മകള്‍ക്ക് ഭാര്യ അനുമതി കൊടുത്തിട്ടുണ്ടെന്നാണ് സ്നാപ് സിഇഒ ഇവാന്‍ സ്പെയിജെല്‍ പറയുന്നത്. തനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ടെന്നായിരുന്നു ടിക് ടോക് സിഇഒ ഷൂ ച്യുവിന്‍റെ പരാമര്‍ശം. താനും ഒരമ്മയാണെന്ന് എക്‌സ് സിഇഒ ലിന്‍ഡ യക്കാരിനോ പറഞ്ഞു. ഡിസ്കോര്‍ഡ് സിഇഒ ജാസോണ്‍ സിട്രോണ് രണ്ട് മക്കളുണ്ട്. അതേസമയം രക്ഷിതാവായിട്ടും തന്‍റെ അത്തരം പങ്കിനെക്കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. മാനുഷികമായ പരിഗണനകളാകും കുട്ടികളോട് ഉണ്ടാകുക എന്ന് മാത്രമാണ് അദ്ദേഹം സൂചിപ്പിച്ചത്.

Also Read: Meta Quest 3: ടെക് ലോകത്ത് തരംഗമാകാന്‍ മെറ്റയുടെ ക്വസ്റ്റ് 3; വില അടക്കം അറിയേണ്ടതെല്ലാം...!

നഷ്‌ടപരിഹാരത്തിനും മാപ്പ് പറച്ചിലിനും പുറമെ സൈറ്റുകളെ നിയന്ത്രിക്കാനുള്ള നടപടികളാണ് ആവശ്യമെന്ന നിലപാടാണ് ഉയര്‍ന്നത്.

Last Updated : Feb 1, 2024, 1:30 PM IST

ABOUT THE AUTHOR

...view details