ഹൈദരാബാദ്: ഇന്നത്തെ കാലത്ത് സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. മെസേജിനും കോൾ ചെയ്യുന്നതിനും ഫോട്ടോയും വീഡിയോയും ഡോക്യുമെന്‍റുകളും അയക്കുന്നതിനുമാണ് പ്രധാനമായും വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നത്. വിവരങ്ങൾ പങ്കുവെയ്‌ക്കുന്നതിന് വാട്‌സ്‌ആപ്പ് പ്രധാന മാധ്യമമായ ഇക്കാലത്ത് ഒരാളുടെ കോൺടാക്റ്റ് നമ്പർ സേവ് ചെയ്യാതെ തന്നെ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുക എന്നത് പല സന്ദർഭങ്ങളിലും ആവശ്യമായി വരാറുണ്ട്.
പെട്ടന്ന് മറ്റൊരാൾക്ക് മെസേജോ മറ്റോ അയക്കേണ്ട സന്ദർഭങ്ങളിലും കോൺടാക്റ്റ് നമ്പർ സേവ് ചെയ്യാൻ സമയം കിട്ടിയെന്ന് വരില്ല. ഇത്തരം സന്ദർഭങ്ങളിൽ ഒരാളുടെ കോൺടാക്റ്റ് നമ്പർ സേവ് ചെയ്യാതെ തന്നെ മറ്റൊരാൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കുന്നത് എങ്ങനെയെന്ന് നോക്കാം.
നമ്പർ സേവ് ചെയ്യാതെ തന്നെ വാട്ട്‌സ്ആപ്പ് മെസേജ് അയക്കുന്നതിന് മൂന്ന് രീതികളുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
രീതി 1:
- നിങ്ങളുടെ വാട്ട്‌സ്ആപ്പ് തുറന്ന് പുതിയ ചാറ്റ് ആരംഭിക്കുന്നതിനുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക
- അപ്പോൾ നിങ്ങളുടെ കോൺടാക്‌ട് ലിസ്റ്റ് തെളിഞ്ഞുവരും. അതിൽ ഏറ്റവും മുകളിലായുള്ള നിങ്ങളുടെ നമ്പറിൽ തന്നെ ക്ലിക്ക് ചെയ്യുക
- തുറന്നുവരുന്ന ചാറ്റ് വിൻഡോയിലേക്ക് നിങ്ങൾ നമ്പർ സേവ് ചെയ്യാതെ മെസേജ് അയക്കാൻ ആഗ്രഹിക്കുന്ന ആളുടെ മൊബൈൽ നമ്പർ അയക്കുക
- മൊബൈൽ നമ്പറിൽ ക്ലിക്ക് ചെയ്യുക
- അപ്പോൾ 'chat with' , 'call on WhatsApp' എന്നിങ്ങനെ രണ്ട് ഓപ്‌ഷനുകൾ വരും. മെസേജ് അയക്കാൻ ആണെങ്കിൽ ചാറ്റ് വിത്ത് എന്ന ഓപ്‌ഷനും കോൾ ചെയ്യാൻ കോൾ ഓൺ വാട്‌സ്‌ആപ്പ് എന്ന ഓപ്‌ഷനും തെരഞ്ഞെടുക്കാവുന്നതാണ്.
രീതി 2:
ട്രൂകോളർ ആപ്പ് വഴിയും നമ്പർ സേവ് ചെയ്യാതെ വാട്‌സ്‌ആപ്പ് സന്ദേശങ്ങൾ അയക്കാനാകും. എങ്ങനെയെന്ന് നോക്കാം.
- ട്രൂകോളർ ആപ്ലിക്കേഷൻ തുറക്കുക
- നിങ്ങൾ സേവ് ചെയ്യാതെ മെസേജ് അയക്കാൻ ആഗ്രഹിക്കുന്ന ആളുടെ മൊബൈൽ നമ്പർ കണ്ടെത്തുക
- താഴേക്ക് സ്‌ക്രോൾ ചെയ്‌താൽ വാട്‌സ്‌ആപ്പ് ഐക്കൺ കണ്ടെത്താനാകും. അതിൽ ക്ലിക്ക് ചെയ്യുക
- തുറന്നു വരുന്ന ചാറ്റ് വിൻഡോയിൽ നിങ്ങൾക്ക് മെസേജ് അയക്കാം
രീതി 3:
ഗൂഗിൾ അസിസ്റ്റൻ്റ് ഉപയോഗിച്ച് സേവ് ചെയ്യാത്ത നമ്പറിലേക്ക് എങ്ങനെ മെസേജ് അയക്കാമെന്ന് നോക്കാം.
- നിങ്ങളുടെ സ്‌മാർട്ട്ഫോണിൽ ഗൂഗിൾ അസിസ്റ്റൻ്റ് സജീവമാക്കുക
- 'Send a WhatsApp' എന്ന വാചകം ഗൂഗിൾ അസിസ്റ്റൻ്റിനോട് പറയുക
- തുടർന്ന് മൊബൈൽ നമ്പർ പറയുക. മൊബൈൽ നമ്പർ ഉപയോഗിക്കുന്ന രാജ്യത്തെ കോഡും നൽകണം.
- തുടർന്ന് വരുന്ന ചാറ്റ്‌ബോക്‌സിലേക്ക് സന്ദേശം അയക്കാവുന്നതാണ്. തെരഞ്ഞെടുത്ത മൊബൈൽ നമ്പറിലേക്ക് അയക്കേണ്ട സന്ദേശം എന്താണെന്ന് പറയാൻ ഗൂഗിൾ അസിസ്റ്റൻ്റ് നിങ്ങളോട് ആവശ്യപ്പെടും. ഗൂഗിൾ അസിസ്റ്റൻ്റ് സ്വയമേവ നിങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമുള്ള മൊബൈൽ നമ്പറിലേക്ക് സന്ദേശം അയയ്ക്കും. ഇതും നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.