ഹൈദരാബാദ്: യൂട്യൂബ് ഷോർട്‌സിന്‍റെ ദൈർഘ്യം 3 മിനിറ്റ് വരെ ഉയർത്താനൊരുങ്ങി യൂട്യൂബ്. യൂട്യൂബ് വീഡിയോ ക്രിയേറ്റേഴ്‌സിന്‍റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. ഒക്ടോബർ 15 മുതൽ ആയിരിക്കും 3 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ലോങ് ഷോർട്‌സായി കാണാൻ സാധിക്കുക.
ഇത് യൂട്യൂബ് വീഡിയോ ക്രിയേറ്റേഴ്‌സിന് കൂടുതൽ ദൈർഘ്യമുള്ള വീഡിയോ നിർമിക്കുന്നതിന് സഹായിക്കും. കൂടാതെ കാഴ്‌ച്ചക്കാർക്ക് അവരുടെ ഇഷ്‌ടമുള്ള കണ്ടന്‍റിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതുമാണ് പുതിയ അപ്‌ഡേഷൻ. 2020 ലാണ് ഇൻസ്റ്റാഗ്രാം റീലുകൾക്ക് സമാനമായി യൂട്യൂബ് ഷോർട്‌സ് ആരംഭിച്ചത്. നിലവിൽ യൂട്യൂബിൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ ഷോർട്‌സ് ആയി കാണാൻ കഴിയൂ. ഒക്ടോബർ 15 മുതൽ 3 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ യൂട്യൂബ് ഷോർട്‌സായി അപ്‌ലോഡ് ചെയ്യാൻ വീഡിയോ ക്രിയേറ്റേഴ്‌സിനെ അനുവദിക്കും.
ക്രിയേറ്റേഴ്‌സ് യൂട്യൂബിനോട് ഏറ്റവും കൂടുതൽ അഭ്യർത്ഥിച്ച ഒരു അപ്‌ഗ്രഡേഷൻ ആയിരുന്നു ഇത്. അതിനാൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിൽ സന്തുഷ്‌ട്ടരാണെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. എന്നാൽ ഒക്ടോബർ 15ന് മുമ്പ് അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് ഈ അപ്‌ഡേഷൻ ലഭിക്കില്ലെന്നും ചതുരാകൃതിയിലോ ഉയരത്തിലോ ഉള്ള വീഡിയോകൾക്ക് ഈ മാറ്റം ബാധകമാണെന്നും ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
യൂട്യൂബ് ഷോർട്‌സിലെ മറ്റ് അപ്‌ഡേറ്റുകൾ:
യൂട്യൂബ് ഉപയോക്താക്കൾക്ക് ടെംപ്ലേറ്റ് ഉപയോഗിച്ച് ഷോർട്‌സുകൾ എളുപ്പത്തിൽ പുനർനിർമ്മിക്കാനും ഇതുവഴി സാധിക്കും. പുതിയ ഓഡിയോ ചേർക്കാനും ആകും. ഷോർട്‌സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവർക്ക് ഇഷ്‌ട്ടപ്പെട്ട ഒരു ഷോർട്‌സിൽ 'remix' ഓപ്‌ഷൻ ക്ലിക്ക് ചെയ്‌ത് 'use this template' ഓപ്‌ഷൻ തെരഞ്ഞെടുത്ത് വീഡിയോകൾ ചെയ്‌തു നോക്കാവുന്നതാണ്.
ഉപയോക്താക്കൾക്ക് അവരുടെ ഷോർട്‌സ് ക്യാമറയിൽ നിന്ന് തന്നെ യുട്യൂബ് കണ്ടന്‍റുകളിലേക്ക് ഒറ്റ ക്ലിക്കിൽ പോകാൻ സാധിക്കുന്ന അപ്‌ഡേഷനും അടുത്ത് തന്നെ വരും. ഇത് മ്യൂസിക്കുകളും വീഡിയോകളും റീമിക്‌സ് ചെയ്യുന്നതിന് സഹായിക്കും. കൂടാതെ 'show fewer shorts' ഓപ്‌ഷൻ ഉപയോഗിച്ച് ഷോർട്‌സ് കസ്റ്റമൈസ് ചെയ്യാനും സാധിക്കും. ഇതുവഴി നിങ്ങൾക്ക് ഇഷ്‌ടമുള്ള കണ്ടന്‍റുകളെ കസ്റ്റമൈസ് ചെയ്യാം. ഇതിനായി ഹോമിൽ ഷോർട്ട്‌സ് ഗ്രിഡിന്‍റെ വലത് വശത്ത് കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്‌ത് ഓപ്‌ഷൻ തെരഞ്ഞെടുക്കാം.
Also Read: നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്‌സ്‌ആപ്പ് മെസേജ് അയക്കാം; ഇതാ ചില നുറുങ്ങുവിദ്യകൾ !