കോട്ടയം: പ്രധാനമന്ത്രിയുടെ തീയതി ലഭിച്ചാലുടൻ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ. പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനായി സമീപിച്ചിട്ടുണ്ട്. 2028 ഓടെ വിഴിഞ്ഞം തുറമുഖം പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കും. ഇതോടെ രാജ്യത്തെ ഭൂരിപക്ഷം കണ്ടെയ്‌നർ ഇടപാടുകളും വിഴിഞ്ഞം വഴിയാകുമെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച് നിയമപരമായ തീരുമാനം ഒന്നും ദേവസ്വം ബോർഡ് എടുത്തിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങളുടെ ആചാരവും അനുഷ്‌ഠാനവും അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴുള്ളത്. എന്നാൽ ഗുരുദേവ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റോപ് വേ ഉടന്‍: ശബരിമല റോപ് വേ വൈകാതെ യാഥാർഥ്യത്തിലാകും. ഇത് സംബന്ധിച്ച് വനം റവന്യൂ വകുപ്പുകളുമായി ചർച്ച നടത്തി നടപടികളുമായി മുന്നോട്ട് പോകുകയാണ്. ശബരിമല അയ്യപ്പൻ്റെ നാളായ ഉത്രത്തിൽ ശിലാസ്ഥാപനം നടത്തണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. മറ്റ് നടപടികൾ പൂർത്തിയാകുന്നത് അനുസരിച്ച് തീയതി നിശ്ചയിക്കും. ഒന്നരവർഷമെങ്കിലും ഇത് പൂർത്തിയാവാൻ വേണ്ടിവരും. ശബരിമല തീർഥാടനം പരാതിരഹിതമായി നടത്താൻ കഴിഞ്ഞത് കൂട്ടായ പരിശ്രമത്തിലാണ്. ഇതിനായി നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. അടുത്ത വർഷത്തെ തീർഥാടനത്തിന് കുറച്ചുകൂടി നേരത്തെ മുന്നൊരുക്കം ആരംഭിക്കുമെന്നും വാസവന്‍ പറഞ്ഞു.
സ്‌പിരിറ്റ് ലോബിയെ സഹായിക്കുന്നു: പാലക്കാട് എലപ്പള്ളി ബ്രൂവറി നിർമാണം സംബന്ധിച്ച് പ്രതിപക്ഷം ഇതര സംസ്ഥാന സ്‌പിരിറ്റ് ലോബിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വി എന്‍ വാസവന്‍ കുറ്റപ്പെടുത്തി. എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 35.55 കോടി ലിറ്റർ എഥനോൾ ആവശ്യമുണ്ട്. ഇതിന് പത്തുരൂപ നിരക്കിൽ ട്രാൻസ്പോർട്ടിങ് ചാർജാവും. പാലക്കാട് ഡിസ്‌റ്റിലറി വരുന്നതോടെ ഇത് രണ്ട് രൂപയായി കുറയും. കൂടാതെ 600 ഓളം പേർക്ക് നേരിട്ട് തൊഴിലും ലഭിക്കും. അത്തരത്തിലുള്ള ഒരു വ്യവസായ സംരംഭത്തെ കണ്ണടച്ച് എതിർക്കുന്നത് ദുരുദ്ദേശപരമാണെന്നും മന്ത്രി വി എന്‍ വാസവന്‍ കൂട്ടിച്ചേർത്തു.