തിരുവനന്തപുരം: 2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുക. പെൻഷൻ വര്‍ധനവ് മുതല്‍ മണ്ണിടിച്ചിലിനെ അതിജീവിച്ചു വരുന്ന വയനാടിനായുള്ള പ്രത്യേക പാക്കേജ് വരെ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നതിനുള്ള പദ്ധതിയും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുമോ എന്നതും ഉള്‍പ്പെടെ നിരവധി നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളും കണക്കിലെടുത്ത് ബജറ്റിൽ കൂടുതല്‍ ക്ഷേമ പദ്ധതികൾക്ക് ഊന്നല്‍ നല്‍കിയേക്കും. അതുകൊണ്ട് തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെൻഷൻ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
വ്യവസായ മേഖലയിലെ സ്‌റ്റാര്‍ട്ടപ്പുകള്‍, ഐടി പാർക്കുകൾ, വ്യവസായ ഹബ്ബുകൾ തുടങ്ങി പദ്ധതികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും സാധ്യതയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകാം. പദ്ധതി ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നതിനെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഇത്തവണ ഉണ്ടായേക്കാം. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാൻ സാധ്യതയുണ്ട്. കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചതിനാല്‍ സംസ്ഥാനത്തിന് തനത് വരുമാനം വര്‍ധിപ്പിക്കല്‍ അനിവാര്യമായിട്ടുണ്ട്.
Read Also: കഴിഞ്ഞ ബജറ്റിനെ സമ്പന്നമാക്കിയ സുപ്രധാന പ്രഖ്യാപനങ്ങള്‍