എറണാകുളം: പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാക്കൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ഡിസിസി കേന്ദ്ര സർക്കാർ പങ്കാളിത്തമുള്ള പദ്ധതി എന്ന് തെറ്റിദ്ധരിപ്പിച്ച് പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്ടോപ്പും ഗൃഹോപകരണങ്ങളും ലഭ്യമാക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയതിന് പിന്നിലെ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
സിഎസ്ആർ ഫണ്ട് ഉൾപ്പെടെ വിനിയോഗിക്കപ്പെടുന്നതിനാൽ ജനങ്ങൾക്ക് ഗുണകരമായ പദ്ധതിയെന്ന് ജനപ്രതിനിധികൾ പോലും തെറ്റിദ്ധരിച്ചു. ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് ഷിയാസ് പറഞ്ഞു.
ബിജെപി നേതാക്കളുടെ ഒത്താശയോടെ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ അന്വേഷണ ഏജൻസികളും രഹസ്യാന്വേഷണ വിഭാഗങ്ങളും ഇത്രയും നാൾ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ അനാവശ്യമായി കേസുകൾ എടുക്കാൻ ഓടി നടന്നിരുന്ന കേന്ദ്ര ഏജൻസികൾ ഇപ്പോൾ എവിടെയാണ്. തട്ടിപ്പുകാരന് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണം ബിജെപി നേതാക്കളുടെ പിന്തുണയാണ്. നിഷ്‌പക്ഷ ഏജൻസി അന്വേഷിച്ചാൽ മാത്രമേ തട്ടിപ്പുകൾ പുറത്ത് വരികയുള്ളുവെന്ന് ഷിയാസ് കൂട്ടിച്ചേർത്തു. പണം നഷ്‌ടമായവർക്ക് തിരികെ നൽകാൻ ബിജെപി നേതാക്കൾ തയാറാകണം. ഇല്ലങ്കിൽ തട്ടിപ്പിനിരയാവർക്ക് വേണ്ടി കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് ഷിയാസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്തൊട്ടാകെ നടന്ന പാതിവില തട്ടിപ്പിൽ കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലന്ന് പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്‌ണന്‍ പറഞ്ഞു. സത്യം പുറത്ത് വരുമെന്നും കേസ് അന്വേഷണം നടക്കട്ടെയെന്നും പ്രതി കൂട്ടിച്ചേർത്തു. സന്നദ്ധ സംഘടനകള്‍ വഴിയുള്ള പദ്ധതി നടപ്പിലാക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ അവകാശ വാദം.
അതേസമയം, അനന്തു കൃഷ്‌ണനെ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അനന്തു കൃഷ്‌ണന്‍റെ വാഹനങ്ങളും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്‌റ്റയടക്കം മൂന്ന് കാറുകളാണ് കസ്‌റ്റഡിയിലെടുത്തത്. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അനന്തു കൃഷ്‌ണന്‍റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Also Read: പാതിവില തട്ടിപ്പ്: പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി; പണം വിദേശത്തേക്ക് കടത്തിയെന്ന് സംശയം