ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് ലോകം നേടിയ ഉയർച്ചകളെ ആഘോഷിക്കാനാണ് എല്ലാ വർഷവും ഒക്‌ടോബർ 4 മുതൽ 10 വരെ ലോക ബഹിരാകാശ വാരമായി ആഘോഷിക്കുന്നത്. 1957 ഒക്ടോബർ 4ന് സ്‌പുട്‌നിക് 1 വിക്ഷേപിച്ചതിന്‍റെയും 1967 ഒക്ടോബർ 10ന് ബഹിരാകാശ ഉടമ്പടി ഒപ്പുവെച്ചതിന്‍റെയും ഓർമയ്‌ക്കായാണ് ലോക ബഹിരാകാശ വാരാചരണം. ഓരോ വർഷവും വ്യത്യസ്‌ത വിഷയങ്ങളെ ആധാരമാക്കിയാണ് ബഹിരാകാശ വാരം ആചരിക്കുന്നത്.
'ബഹിരാകാശവും കാലവസ്ഥ വ്യതിയാനവും' എന്നതാണ് ഈ വർഷത്തെ വിഷയം. ഭൂമിയിലെ കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്നതിൽ ബഹിരാകാശ പര്യവേക്ഷണം വലിയ പങ്കുവഹിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തെകുറിച്ച് വിവരം ലഭിക്കുന്നതിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ സ്വാധീനം എങ്ങനെയെന്നത് ആസ്‌പദമാക്കിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, മറ്റ് സ്ഥാപനങ്ങളും, ബഹിരാകാശ ഏജൻസികളും ബഹിരാകാശ മേഖലയിൽ പൊതുജനങ്ങളിൽ താത്‌പര്യം വളർത്തുന്നതിനായി ശിൽപശാലകൾ, പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, കമ്മ്യൂണിറ്റി ഇവൻ്റുകൾ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.
ചരിത്രം:
മനുഷ്യ നിർമിതമായ ആദ്യ കൃത്രിമോപഗ്രഹമായ സ്‌പുട്‌നിക് 1 വിക്ഷേപിച്ചത് 1957 ഒക്‌ടോബർ 4നാണ്. ബഹിരാകാശ യുഗത്തിൻ്റെ തുടക്കമായി കണക്കാക്കപ്പെടുന്ന ഒന്നാണ് സ്‌പുട്‌നിക് -1 വിക്ഷേപണം. പിന്നീട് 1967 ഒക്‌ടോബർ 10നാണ് ബഹിരാകാശ ഉടമ്പടി ഒപ്പുവച്ചത്. അന്താരാഷ്‌ട്ര ബഹിരാകാശ നിയമത്തിന് ചട്ടക്കൂട് സ്ഥാപിക്കുകയും സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ഉടമ്പടി. ഇതിന്‍റെ ഓർമയ്‌ക്കായാണ് എല്ലാ വർഷവും ഒക്‌ടോബർ 4 മുതൽ 10 വരെ ലോകമെമ്പാടും ബഹിരാകാശ വാരമായി കൊണ്ടാടുന്നത്. 1999ലാണ് ഐക്യരാഷ്‌ട്ര സംഘടന ബഹിരാകാശ വാരാഘോഷം പ്രഖ്യാപിച്ചത്.
ലോക ബഹിരാകാശ വാരാചരണം:
വിദ്യാഭ്യാസ പരിപാടികൾ, എക്‌സിബിഷനുകൾ, പൊതുജന സമ്പർക്ക പരിപാടികൾ എന്നിങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിച്ചാണ് കൂടുതൽ രാജ്യങ്ങളും സംഘടനകളും ബഹിരാകാശ വാരാചരണം ആഘോഷിക്കുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഈ വാരാചരണം 90-ലധികം രാജ്യങ്ങളിലാണ് കൊണ്ടാടുന്നത്. ബഹിരാകാശ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും ബഹിരാകാശ പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ആണ് ലോക ബഹിരാകാശ വാരാഘോഷങ്ങൾ കണക്കാക്കപ്പെടുന്നത്. പ്രപഞ്ചത്തിൻ്റെ അത്ഭുതങ്ങൾ കണ്ടെത്താൻ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിലും ഈ ദിവസത്തിന് വലിയ പങ്കുണ്ട്.
As part of World Space Week celebration a talk on “who can become Astronaut?” by Group Captain Angad Pratap, ISRO Astronaut is scheduled on 04th October at 1600 hrs .
— ISRO (@isro) October 2, 2024
You can watch throughhttps://t.co/VsIt9AHNmF Or https://t.co/F1uQ9YGthn pic.twitter.com/tMgcUiZBD0
ലോക ബഹിരാകാശ വാരത്തിൻ്റെ പ്രാധാന്യം:
ഭാവി തലമുറയിലെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, പര്യവേക്ഷകർ എന്നിവരെ പ്രചോദിപ്പിക്കുക എന്നതാണ് ഈ ദിവസത്തിന്‍റെ ഒരു പ്രധാന ലക്ഷ്യം. ആശയവിനിമയം, കാലാവസ്ഥ പ്രവചനം, ദുരന്തനിവാരണം, പാരിസ്ഥിതിക നിരീക്ഷണം എന്നീ മേഖലകളിലെ പുരോഗതി പോലെ ദൈനംദിന ജീവിതത്തിൽ ബഹിരാകാശ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് ഈ ദിവസം കാണിച്ചുതരുന്നു. ബഹിരാകാശ പര്യവേക്ഷണത്തിൽ ആഗോള സഹകരണം വളർത്തിയെടുക്കുക എന്നതാണ് ബഹിരാകാശ വാരാചരണത്തിന്‍റെ മറ്റൊരു ലക്ഷ്യം. ബഹിരാകാശ പര്യവേക്ഷണത്തിലെ വെല്ലുവിളികളെ നേരിടാൻ എല്ലാ രാജ്യങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ലോക ബഹിരാകാശ വാരം. പ്രപഞ്ചത്തെ കുറിച്ച് മനസിലാക്കുന്നതിൽ മനുഷ്യരാശി കൈവരിച്ച പുരോഗതിയെ ഓർമ്മിപ്പിക്കുന്നത് കൂടിയാണ് ഈ വാരം.