കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് അഞ്ച് വർഷം അധികാരം തികയ്ക്കാൻ കഴിയില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. എംഎല്‍എമാര്‍ക്ക് സഹിച്ച് നില്‍ക്കുന്നതിന് പിരിധിയുണ്ടെന്നും, പരിധി കടന്നാല്‍ അത് പൊട്ടുമെന്നും അന്‍വര്‍ പറഞ്ഞു. ഇപ്പോള്‍ മിണ്ടാന്‍ ഭയപ്പെട്ട് വിഷമിച്ച് നില്‍ക്കുന്ന പലരുമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
താൻ രൂപീകരിക്കുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് ഓഫ് കേരള ഒരു സാമൂഹിക കൂട്ടായ്‌മയാണെന്നും രാഷ്‌ട്രീയ പാർട്ടിയല്ലെന്നും പിവി അൻവർ വ്യക്തമാക്കി. രാഷ്‌ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാൻ ചില സങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും അൻവർ പറഞ്ഞു. ചെന്നൈയിൽ പോയത് രാഷ്‌ട്രീയ മൂവ്‌മെന്‍റിന്‍റെ ഭാഗമായിരുന്നു എന്നും ഇന്ത്യയിലെ മതേതര സമൂഹത്തിന് ഏറ്റവും വിശ്വസിക്കാൻ കഴിയുന്ന ലീഡറാണ് ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിനെന്നും അൻവർ പറഞ്ഞു.
മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ അത്തരം ആളുകളുടെ അനുഗ്രഹം ആവശ്യമാണ്. തമിഴ്‌നാട്ടിൽ സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെയെന്നും അൻവർ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ മുന്നേറ്റമാണ് നടക്കുന്നത്. മഞ്ചേരിയിലെ വേദിയിൽ പലരെയും പ്രതീക്ഷിക്കാമെന്നും ഡിഎംകെയുടെ നിരീക്ഷകർ തമിഴ്‌നാട്ടിൽ നിന്ന് എത്തുമെന്നും ഇവർ വേദിയിൽ കയറില്ലെന്നും അൻവർ പറഞ്ഞു.
അതേസമയം എഡിജിപിയെ ചുമതലയിൽ നിന്ന് മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും അൻവർ പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്‌ത് മാത്രമേ തുടർ അന്വേഷണം നടത്താവൂ. പൂരം കലക്കിയതിൽ അദ്ദേഹത്തിന് വീഴ്‌ച പറ്റിയെന്നത് വാക്കിൽ മാത്രം ഒതുക്കരുത്. എന്തിന് ആ വീഴ്‌ച വരുത്തിയെന്നത് അന്വേഷിക്കുകയാണ് വേണ്ടതെന്നും അന്‍വര്‍ പറഞ്ഞു.
എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യാൻ താൻ നൽകിയ രേഖകൾ മാത്രം മതി. അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിച്ചിരിക്കയാണെന്നും അൻവർ ആരോപിച്ചു. കേരളത്തിലെ ജനത്തെ വിഡ്ഢിയാക്കുന്നതാണ് എഡിജിപിക്കെതിരായ റിപ്പോർട്ടെന്നും അൻവർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിലെ സിപിഎമ്മിന് ബംഗാളിനേക്കാൾ മോശം അവസ്ഥവരുമെന്നും കെട്ടിവച്ച കാശുപോലും സിപിഎം നേതാക്കൾക്ക് കിട്ടാത്ത അവസ്ഥവരുമെന്നും അൻവർ വിമർശിച്ചു. ഇന്ന് വൈകിട്ട് മഞ്ചേരിയില്‍ ആണ് അന്‍വറിന്‍റെ നയ വിശദീകരണ യോഗം. പുതിയ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് യോഗത്തില്‍ ഉണ്ടായേക്കും.
പിവി അൻവർ എംഎല്‍എ ഇന്നലെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്‌ച. സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Also Read: അൻവർ എങ്ങോട്ട്? ലക്ഷ്യം ലീഗോ? തടയിടാൻ കോൺഗ്രസ്; ഇനിയും ക്ഷമിക്കാനാവില്ലെന്ന് സിപിഎം