ഹൈദരാബാദ് : ലോകമെമ്പാടുമുള്ള വിന്‍ഡോസ് ഉപയോക്താക്കളെ ബാധിച്ച് മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് സേവനങ്ങളുടെയും ആപ്പുകളുടെയും സാങ്കേതിക തകരാര്‍. നിലവില്‍ സാങ്കേതിക പ്രശ്‌നം പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയാണ് ചെയ്യുന്നത്. ഇതിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ക്ലൗഡ് സേവനങ്ങള്‍ തകരാറിലായതോടെ ലോകമെമ്പാടുമുള്ള എയർപോർട്ടുകൾ, കമ്പനികൾ, ബാങ്കുകൾ, സർക്കാർ ഓഫിസുകൾ എന്നിവയുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. ക്ലൗഡ് സർവീസുകളിലെ തകരാറിനെ തുടര്‍ന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
ഇന്‍ഡിഗോ, ആകാശ എയർ തുടങ്ങിയ ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, ചെക്ക്-ഇന്‍, ബോര്‍ഡിങ് പാസ് ആക്‌സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതാളത്തിലായി. മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ അസുറിനെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നമാണ് വിമാന സർവീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്.
എന്നാല്‍ വിൻഡോസിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാൽക്കൺ എൻ സെൻസര്‍ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്‌തതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നാണ് വിവരം. വ്യാഴാഴ്‌ച രാത്രിയോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തകരാറിലായവയില്‍ OneDrive, OneNote, Outlook എന്നിവയെയും ഉള്‍പ്പെടുന്നു. ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ ഫയലുകൾ, നോട്ടുകള്‍, ഇമെയിലുകൾ എന്നിവ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല.
ALSO READ: കേരളത്തില്‍ ഇ മെയിലുകൾ ചോരുന്നു; ജി മെയിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ് - MASS EMAIL HACKING IN KERALA