ന്യൂഡൽഹി: ജനുവരി 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന യുജിസി - നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) മാറ്റിവച്ചതായി എൻടിഎ അറിയിച്ചു. മകരസംക്രാന്തി, പൊങ്കൽ ഉൾപ്പെടെയുള്ള ഉത്സവങ്ങൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവച്ചത്.
മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സംസ്‌കൃതം, നേപ്പാളി, ലോ, ജാപ്പനീസ്, വനിതാ പഠനം, മലയാളം, ഉറുദു, കൊങ്കണി, ക്രിമിനോളജി, നാടോടി സാഹിത്യം, ഇലക്‌ട്രോണിക് സയൻസ്, പരിസ്ഥിതി ശാസ്‌ത്രം, ഇന്ത്യൻ നോളജ് സിസ്റ്റം എന്നിവയുൾപ്പെടെ 17 വിഷയങ്ങളിലാണ് ജനുവരി 15 ന് പരീക്ഷ നടക്കേണ്ടിയിരുന്നത്.
ജനുവരി 3 മുതൽ ഘട്ടം ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. ജനുവരി 16ന് ആണ് അവസാന പരീക്ഷ നടക്കുന്നത്. കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റാണ് ഇത്തവണ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരീക്ഷ മാറ്റിവയ്ക്കാൻ എൻടിഎയ്ക്ക് നിരവധി നിവേദനങ്ങൾ ലഭിച്ചു എന്ന് എന്‍ടിഎ ഡയറക്‌ടർ (പരീക്ഷകൾ) രാജേഷ് കുമാർ പറഞ്ഞു. ഉദ്യോഗാർഥികളുടെ താത്പര്യാർത്ഥം പരീക്ഷ മാറ്റിവച്ചിരിക്കുന്നു എന്നും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും രാജേഷ് കുമാർ അറിയിച്ചു. അതേസമയം ജനുവരി 16 ന് നടത്തേണ്ട പരീക്ഷ മുൻ ഷെഡ്യൂൾ പ്രകാരം തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റന്‍റ് പ്രൊഫസർ യോഗ്യത എന്നിവയ്ക്കായാണ് നെറ്റ് പരീക്ഷ നടക്കുന്നത്.
Also Read: ഉന്നത വിദ്യാഭ്യാസ കോൺക്ലേവുമായി സർക്കാർ; പങ്കെടുക്കുന്നത് പ്രമുഖരുടെ നീണ്ട നിര