ഹൈദരാബാദ്: പരസ്യങ്ങളില്ലാതെ യൂട്യൂബ് സേവനങ്ങൾ ആസ്വദിക്കാവുന്ന യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ രണ്ട് വർഷത്തേക്ക് സൗജന്യമായി നൽകാനൊരുങ്ങി റിലയൻസ് ജിയോ. ജിയോഫൈബർ, എയർഫൈബർ ഉപഭോക്താക്കൾക്കാണ് ഈ പ്രത്യേക ഓഫർ ലഭ്യമാവുക. ഇതിനായി ഉപഭോക്താക്കൾ 888 രൂപ മുതൽ 3,499 രൂപ വരെയുള്ള പോസ്റ്റ്‌പെയ്‌ഡ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ റീച്ചാർജ് ചെയ്‌തവരായിരിക്കണമെന്നാണ് നിബന്ധന.
യൂട്യൂബിൽ വീഡിയേ കാണുന്നതിനിടെ പരസ്യങ്ങൾ കയറിവരുന്നത് പലരെയും അസ്വസ്ഥരാക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരക്കാർക്ക് ജിയോയുടെ ഈ ഓഫർ ഗുണം ചെയ്യും. 888, 1199,1499,2499, 3499 എന്നീ നിരക്കുകളിലാണ് നിലവിൽ ജിയോയുടെ പോസ്റ്റ്‌പെയ്‌ഡ് ബ്രോഡ്‌ബാൻഡുകൾ ലഭ്യമാവുക. ഇതിൽ ഏതെങ്കിലും പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്കാണ് രണ്ട് വർഷത്തേക്ക് പരസ്യങ്ങളില്ലാതെ യൂട്യൂബ് ഉപയോഗിക്കാനാവുക.
പരസ്യമില്ലാത്ത സേവനങ്ങൾക്ക് പുറമെ യൂട്യൂബ് പ്രീമിയം ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് മറ്റ് പ്രയോജനങ്ങളും ലഭിക്കും. പ്രീമിയം സേവനങ്ങൾ ലഭ്യമാകുന്നതോടെ സ്‌ക്രീൻ മിനിമൈസ് ചെയ്‌തുകൊണ്ട് യൂട്യൂബ് ഉപയോഗിക്കാനും വീഡിയോ ഡൗൺലോഡ് ചെയ്‌ത് ഓഫ്‌ലൈനിൽ കാണുന്നതിനും ഉപയോക്താക്കൾക്കാവും. കൂടാതെ യൂട്യൂബ് മ്യൂസിക്ക് പ്രീമിയവും ഉപയോഗിക്കാനാവും.
ആനുകൂല്യം ലഭ്യമാവാൻ എന്തുചെയ്യണം?
ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനായി അർഹരായ ജിയോഫൈബർ, എയർഫൈബർ ഉപഭോക്താക്കൾ മൈജിയോ ആപ്പിൽ കയറി യൂട്യൂബ് പ്രീമിയം ബാനറിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ യൂട്യൂബ് അക്കൗണ്ട് സൈൻ-ഇൻ ചെയ്‌ത് ആനുകൂല്യങ്ങൾ ഉപയോഗിക്കാവുന്നതാണ്.
യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ:
അതേസമയം ജിയോഫൈബർ, എയർഫൈബർ ഉപഭോക്താക്കൾ അല്ലാത്തവർക്ക് പണം നൽകിക്കൊണ്ട് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനെടുക്കാവുന്നതാണ്. യൂട്യൂബിന്‍റെ വ്യക്തിഗത പ്രീപെയ്‌ഡ് പ്ലാനിന് 149 രൂപയും സ്റ്റുഡന്‍റ് പ്ലാനിന് 89 രൂപയും ഫാമിലി പ്ലാനിന് 299 രൂപയുമാണ് പ്രതിമാസ തുക. വിദ്യാർഥികൾക്ക് ഒരു മാസത്തെ സൗജന്യ ട്രയലും ലഭിക്കും. ഫാമിലി പ്ലാനിൽ ഒരു വീട്ടിലെ 13 വയസിന് മുകളിലുള്ള 5 പേരെ വരെ ഉൾപ്പെടുത്താനാകും.
Also Read:
- 20,000 രൂപയ്‌ക്കുള്ളിൽ ലഭ്യമാവുന്ന അഞ്ച് മികച്ച ക്യാമറ ഫോണുകൾ
- 5 ജി നെറ്റ്‌വർക്കിനേക്കാളും മികച്ച സ്‌പീഡിൽ 5.5 ജി എത്തി: മാറ്റത്തിന് തുടക്കമിട്ട് ജിയോ: വൺപ്ലസിന്‍റെ പുതിയ ഫോണുകളിൽ ലഭ്യം
- അംബാനിക്ക് വെല്ലുവിളിയായി വോഡഫോൺ ഐഡിയ: 15% ഡിസ്‌കൗണ്ടിൽ 5ജി പ്ലാനുകൾ
- വാട്ട്‌സ്‌ആപ്പിലെ ഈ ഫീച്ചർ അറിയാതെ പോകരുത്! സ്റ്റാറ്റസിൽ എങ്ങനെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം?