കന്യാകുമാരി: മാര്‍ക്കു വാരിക്കൂട്ടി റാങ്ക് നേടാൻ മത്സരയോട്ടം നടത്തുന്ന ഈ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ചില ഉപദേശങ്ങളും നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് ഐഎസ്‌ആര്‍ഒയുടെ നിയുക്ത ചെയര്‍മാൻ വി നാരായണൻ. റാങ്ക് നേടാനുള്ള ഓട്ടത്തിനിടെ തങ്ങളുടെ വ്യക്തിത്വം നല്ല രീതിയില്‍ രൂപപ്പെടുത്താൻ മറന്നുപോകരുതെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് ഉപദേശിക്കുന്നു.
കൂടുതൽ മാർക്ക് നേടുന്നതിനായി കഠിനാധ്വാനം ചെയ്ത് പഠിക്കുന്ന ശീലം മാത്രമല്ല വേണ്ടത്, മൊത്തത്തിലുള്ള വ്യക്തിത്വ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍ററിന്‍റെ ഡയറക്‌ടറായ നാരായണൻ, നാട്ടിലെ ഒരു ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രതികരണം.
വിദ്യാർഥികൾ ആദ്യം എങ്ങനെ പഠിക്കണമെന്ന് സ്വയം തീരുമാനിക്കണം. ചെറുപ്പം മുതല്‍ ഒരു വിദ്യാർഥികള്‍ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നാണ് കടന്നുവരുന്നത്. അവർക്ക് ഇഷ്‌ടമുള്ളത് പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ അവർ അവരുടെ വിഷയങ്ങൾ എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. പഠിക്കുന്ന സമയത്ത് നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതും', 'ബുദ്ധിപരമായും' രണ്ട് വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വിദ്യാര്‍ഥികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു. "ബുദ്ധിപരമായ വിദ്യാഭ്യാസമാണ് അവർ സ്കൂളിൽ പഠിച്ച് മാർക്ക് നേടുന്നത്. എന്നാൽ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നത് സമൂഹത്തെ എങ്ങനെ സേവിക്കാമെന്നും മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്നും ഉള്ള പഠനമാണ്. ഈ രണ്ട് വിദ്യാഭ്യാസവും (മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ബൗദ്ധികാധിഷ്ഠിത വിദ്യാഭ്യാസവും) ഒരുമിച്ച് പിന്തുടരണം . ഇതാണ് എന്‍റെ കാഴ്ചപ്പാട്," അദ്ദേഹം പറഞ്ഞു.
താൻ ഒരു എളിയ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണെങ്കിലും, മാതാപിതാക്കൾ തനിക്ക് ആകാൻ ആഗ്രഹിക്കുന്നതെന്തും പഠിക്കാൻ അവസരം നൽകിയെന്നും അവർ എല്ലാ പിന്തുണയും നൽകിയെന്നും നാരായണൻ ഓർമ്മിച്ചു. ഐഎസ്‌ആര്‍ഒയെ നയിക്കാൻ തന്നെ തെരഞ്ഞെടുത്തതിന് ദൈവത്തിനും പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.
രാജ്യത്തിന്‍റെയും ജനങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള മനോഭാവത്തോടെയാണ് തന്‍റെ സഹപ്രവർത്തകർ എപ്പോഴും പ്രവർത്തിക്കുന്നതെന്ന് നാരായണൻ പറഞ്ഞു. "വ്യക്തികൾക്കും അതീതമാണ് സംഘടനയും (ISRO) രാജ്യവും എന്ന് നാമെല്ലാവരും കരുതുന്നു. ഇവിടെയുള്ള എല്ലാവരും വളരെ കഠിനാധ്വാനം ചെയ്യുന്നു," എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2047 ഓടെ രാജ്യത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം, കഠിനാധ്വാനം ചെയ്ത് രാജ്യത്തിന്‍റെയും ജനങ്ങളുടെയും വികസനത്തിനായി പ്രവർത്തിക്കാൻ വിദ്യാർഥികളോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.