ബഹിരാകാശത്ത് പിറന്നാൾ ആഘോഷിച്ച് ചരിത്രം കുറിച്ച് ബഹിരാകാശ യാത്രികയായ സുനിത വില്യംസ്. തന്‍റെ 59-ാം ജന്മദിനമാണ് സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സെപ്‌റ്റംബർ 19ന് ആഘോഷിച്ചത്. രണ്ടാം തവണയാണ് സുനിതയുടെ ജന്മദിനം ബഹിരാകാശത്ത് വച്ച് നടക്കുന്നത്.
ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇരുവരും സഞ്ചരിച്ച ബോയിങിൻ്റെ സ്റ്റാർലൈനർ പേടകത്തിൽ തിരിച്ചുവരവ് സുരക്ഷിതമല്ലെന്ന് നാസ പ്രഖ്യാപിച്ചതിനെ തുടർന്ന് മടക്കയാത്ര നീളുകയാണ്. ഇരുവരെയും തിരികെയെത്തിക്കാനാവാതെ സ്റ്റാർലൈനർ പേടകം ഭൂമിയിലെത്തിയിരുന്നു. സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയിലേക്ക് തിരികെയെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരും.
പിറന്നാൾ ദിനത്തിലും ജോലിയിൽ മുഴുകി സുനിത :
തന്‍റെ പിറന്നാൾ ദിനത്തിൽ ലാബിലെ അറ്റകുറ്റപ്പണികളിലും ശുചീകരണത്തിലും ഗവേഷണത്തിലുമായി അൽപം തിരക്കിലായിരുന്നു സുനിത വില്യംസ്. സഹസഞ്ചാരിയായ ഡോൺ പെറ്റിറ്റിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ പരിശോധിക്കുന്നതിനായും അവർ തന്‍റെ ജന്മദിനം സമർപ്പിച്ചു.
ചരിത്രം കുറിച്ച് സുനിത വില്യംസ്:
ഏറ്റവും കൂടുതൽ ബഹിരാകാശയാത്രിക ആയ രണ്ടാമത്തെ വനിത ബഹിരാകാശയാത്രികയാണ് 59-കാരിയായ സുനിത വില്യംസ്. സ്റ്റാർലൈനറിൻ്റെ കന്നി ദൗത്യത്തിൽ പറന്ന ആദ്യ വനിത കൂടിയാണ് അവർ. 2006 ലും 2012ലും ബഹിരാകാശയാത്ര നടത്തിയ സുനിത ഇത് മൂന്നാം തവണയാണ് ബഹിരാകാശത്ത് എത്തുന്നത്. 2012ലും ബഹിരാകാശത്ത് വച്ച് പിറന്നാൾ ആഘോഷിക്കാൻ സുനിതയ്‌ക്ക് ആയിട്ടുണ്ട്. നാസയുടെ കണക്കനുസരിച്ച്, സുനിത വില്യംസ് ബഹിരാകാശത്ത് മൊത്തം 320ലധികം ദിവസം ചെലവഴിച്ചു.
ഭൂമിയിൽ നിന്ന് പിറന്നാളാംശസകൾ:
59-ാം പിറന്നാൾ ആഘോഷിച്ച സുനിത വില്യംസിന് ഭൂമിയിൽ നിന്ന് ഒരുപാട് ജന്മദിനാശംസകൾ ലഭിച്ചിരുന്നു. സുനിതയുടെ പിറന്നാൾ നമ്മൾ ഭൂമിയിൽ നിന്നും ബഹിരാകാശ നിലയത്തിൽ നിന്നും ആഘോഷിക്കുന്നുവെന്ന് പറഞ്ഞാണ് നാസ ആശംസകൾ നേർന്നത്. ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ 'ബാർ ബാർ ദിൻ യേ ആയെ' എന്ന ജന്മദിന ഗാനം സംഗീത കമ്പനിയായ സരേഗമ സുനിത വില്യംസിനായി സമർപ്പിച്ചു. കരൺ ജോഹർ, സോനു നിഗം, ശങ്കർ മഹാദേവൻ, പരിഹരൻ, നീതിമോഹൻ, ഷാൻ തുടങ്ങിയവർ ചേർന്ന് പാടിയ വീഡിയോ ആശംസയാണ് സരേഗമ പങ്കുവച്ചത്.
സുനിതയുടെ മടങ്ങിവരവ്:
സ്‌പേസ് എക്‌സിൻ്റെ ക്യാപ്‌സ്യൂളിൽ 2025 ഫെബ്രുവരിയിൽ ഇരുവരും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 5 നാണ് ബോയിങിന്‍റെ സ്റ്റാർലൈനർ വിക്ഷേപിച്ചത്. ഹീലിയം ചോർച്ചയും മറ്റ് സാങ്കേതിക തകരാറുകളും മൂലം പേടകത്തിന്‍റെ മടങ്ങിവരവ് പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്ന് 10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ട സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിൽ തന്നെ തങ്ങുകയാണ്. ഇതിനെ തുടർന്നാണ് സഞ്ചാരികളില്ലാതെ പേടകം തിരികെ മടങ്ങിയത്.
Also Read: സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെ മടക്കം: ബോയിങ് സ്റ്റാർലൈനർ ഭൂമിയിലെത്തി