കണ്ണൂര്‍: മലബാറിലെ വൈദ്യുത ഇടനാഴിയുടെ സ്ഥലമെടുപ്പിലെ സ്‌തംഭനാവസ്ഥയ്ക്ക് ഉടന്‍ പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിന് കര്‍ഷകര്‍. സ്ഥലമെടുപ്പ് അനിശ്ചിതമായി നീളുന്നത് കാരണം കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ കര്‍ഷകര്‍ നിസഹായരായിരുന്നു. തങ്ങളുടെ ഭൂമി വെട്ടി മുറിക്കപ്പെട്ട അവസ്ഥയിലായത് കൂടാതെ ഭൂമി ഏറ്റെടുക്കുന്നെന്ന അറിയിപ്പ് വന്നതോടെ സ്ഥലത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത നിലയും വന്നിരുന്നു.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലൂടെ കടന്നുപോകുന്ന 400 കെവി വൈദ്യുത ലൈനുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകള്‍ക്കുള്ള നഷ്‌ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഇന്നത്തെ ചര്‍ച്ചയില്‍ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കര്‍ഷകര്‍. ഇന്ന് (ഫെബ്രുവരി 11) ഉച്ചയ്ക്ക് വൈദ്യുത മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്.
വൈദ്യുത ഇടനാഴിയുടെ പ്രവൃത്തിക്ക് വേണ്ടി സ്ഥലം നഷ്‌ടപ്പെട്ടവര്‍ക്കുള്ള പ്രത്യേക നഷ്‌ടപരിഹാര പാക്കേജ് സംബന്ധിച്ചാണ് ഇന്നത്തെ ചര്‍ച്ച. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 18ന് മന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷം ജില്ലാ കലക്‌ടര്‍മാരും ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ അതിലൊന്നും തീരുമാനമായിട്ടില്ല.
പ്രത്യേക നഷ്‌ടപരിഹാര പാക്കേജിന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തയ്യാറായതോടെ അനുകൂല സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഇതുവരേയും പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ട് നല്‍കുന്നവര്‍ക്ക് ന്യായമായ നഷ്‌ടപരിഹാരം നല്‍കാന്‍ കെഎസ്ഇബിയോ സര്‍ക്കാരോ തയ്യാറായിട്ടില്ലായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പ്രവൃത്തി മുടങ്ങി കിടക്കുകയാണ്. ജനപ്രതിനിധികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും ഉയര്‍ന്നിട്ടുള്ള കടുത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നഷ്‌ടപരിഹാര പാക്കേജിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.