അമരാവതി: ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലെ അതി പ്രശസ്‌തനായ രാഷ്ട്രീയ നേതാവാണ് പെഡ്ഡി റെഡ്ഡി രാമചന്ദ്ര റെഡ്ഡി. വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിസഭയിലെ നമ്പര്‍ ടു എന്ന് അറിയപ്പെട്ട നേതാവ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ അധികാര ദുര്‍വിനിയോഗത്തിന്‍റേയും തിരിമറികളുടേയും കാര്യത്തിലും അദ്ദേഹം കുപ്രസിദ്ധി നേടിയിരുന്നു.ഭരണത്തിന്‍റേയും അധികാരത്തിന്‍റേയും തണലില്‍ മുന്‍ മന്ത്രി പെഡ്ഡി റെഡ്ഡി രാമചന്ദ്ര റെഡ്ഡി നടത്തിയ അഴിമതികളുടേയും കൊള്ളകളുടേയും കഥകള്‍ ഈനാടു ദിനപത്രം അന്വേഷണാത്മക പരമ്പരയിലൂടെ വെളിച്ചത്തു കൊണ്ടുവന്നു.
ചിറ്റൂര്‍ ജില്ലയിലെ പുലിചേര്‍ല മണ്ഡലത്തില്‍ മംഗലംപേട്ട് സംരക്ഷിത വനമേഖലയില്‍ 104 ഏക്കര്‍ വന ഭൂമി മന്ത്രിയായിരിക്കേ അദ്ദേഹം സ്വന്തമാക്കി ഫാം ഹൗസ് നിര്‍മ്മിച്ചതായാണ് ഏറ്റവുമൊടുവില്‍ ആന്ധ്രാ പ്രദേശ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. രേഖകള്‍ പ്രകാരം 295, 296 സര്‍വേ നമ്പറുകളിലായി 23.69 ഏക്കര്‍ ഭൂമി മാത്രമാണ് വില്ലേജിന്‍റെ പരിധിയില്‍പ്പെടുന്നതെങ്കിലും മന്ത്രി സ്വന്തം അധികാരമുപയോഗിച്ച് 77.54 ഏക്കര്‍ ഭൂമി കൂടി കൂട്ടിച്ചേര്‍ത്ത് ഫാം ഹൗസ് നിര്‍മ്മിച്ച് ചുറ്റുമതിലും പണിയുകയായിരുന്നു. തന്‍റെ അധികാരം ഉപയോഗിച്ച് മന്ത്രിയായിരുന്ന പെഡ്ഡി റെഡ്ഡി രാമചന്ദ്ര റെഡ്ഡി രേഖകളില്‍ തിരിമറി നടത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
![FORMER ANDHRA MINISTER PEDDI REDDY PEDDI REDDY COMMITTED CORRUPTION PEDDI REDDY BUILD 104 ACRE FARM VIGILANCE AGAINST PEDDI REDDY](https://etvbharatimages.akamaized.net/etvbharat/prod-images/11-02-2025/23518139_peddi-reddy1.png)
ഭൂമി സ്വന്തമാക്കിയതിനു പുറമേ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഫാം ഹൗസിലേക്ക് അദ്ദേഹം റോഡും പണിതതായി വിജിലന്‍സ് കണ്ടെത്തി. മുൻ മന്ത്രിയും കുടുംബവും നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഈനാടു എക്‌സിക്ലൂസിവിലൂടെ പുറത്തുവിട്ടിരുന്നു. കൃത്യമായ രേഖകള്‍ നിരത്തിയാണ് മന്ത്രിയുടെ വനം കൈയേറ്റം ജനുവരി 29 ന് എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടിലൂടെ ഈ നാടു പുറത്തു കൊണ്ടു വന്നത്. എന്നാല്‍ ഇതിനോടുള്ള പ്രതികരണമായി അനധികൃതമായി നടത്തിയ വനഭൂമി കൈയേറ്റം ന്യായീകരിക്കാനുള്ള പുതിയ ന്യായങ്ങള്‍ നിരത്താനുമാണ് മുന്‍ മന്ത്രി ശ്രമിച്ചത്. രണ്ടു സര്‍വേ നമ്പറുകളിലായി 75.74 ഏക്കര്‍ ഭൂമിയാണുണ്ടായിരുന്നതെന്നും ഇത് ലാന്‍ഡ് സെറ്റില്‍മെന്‍റ് ഡയറക്ടര്‍ തന്നെ ഉത്തരവില്‍ വ്യക്തമാക്കിയതാണെന്നും പെഡ്ഡി റെഡ്ഡി വാദിച്ചു. 1968 ലെ ഫോറസ്റ്റ് ഗസറ്റില്‍ ഇത് പ്രസിദ്ധീകരിച്ചാതണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, താൻ സ്വന്തം കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം കൊടുത്ത് വാങ്ങിച്ചതാണ് എസ്റ്റേറ്റ് എന്നാണ് മുന്‍ മന്ത്രി പ്രതികരിച്ചത്.
![FORMER ANDHRA MINISTER PEDDI REDDY PEDDI REDDY COMMITTED CORRUPTION PEDDI REDDY BUILD 104 ACRE FARM VIGILANCE AGAINST PEDDI REDDY](https://etvbharatimages.akamaized.net/etvbharat/prod-images/11-02-2025/23518139_peddy-reddy-2.png)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചിറ്റൂർ ജില്ലയിലെ മംഗലംപേട്ട് വനമേഖലയിലെ വനഭൂമി മുൻ മന്ത്രി പെഡ്ഡി റെഡ്ഡി രാമചന്ദ്ര റെഡ്ഡി കൈയേറിയെന്ന് തെളിയിക്കുന്ന 7 തെളിവുകൾ വിജിലൻസ് ഹാജരാക്കി. വന ഭൂമി കൈയേറ്റം അന്വേഷിച്ച വിജിലന്‍സ് റെവന്യൂ വകുപ്പ് വെബ്സൈറ്റിലെ ഡിജിറ്റല്‍ ചരിത്രം, ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചുള്ള റെക്കോര്‍ഡ് ഓഫ് റൈറ്റ്സ്, നിശ്ചിത കാലയളവില്‍ ഭൂമിക്ക് മേലുള്ള സാമ്പത്തികവും നിയമപരവുമായ ബാധ്യതകള്‍ വ്യക്തമാക്കുന്ന കുടിക്കട സര്‍ട്ടിഫിക്കറ്റ് , ഭൂമി രജിസ്റ്റർ ചെയ്‌ത വിൽപ്പന രേഖകൾ, തരംമാറ്റ രേഖകള്‍, ഡ്രോൺ ഫോട്ടോഗ്രാഫുകൾ, ഗൂഗിൾ എർത്ത് ടൈംലൈൻ ഫോട്ടോകൾ എന്നിവ വിശദമായി പരിശോധിച്ചു. വിശദമായ ഫീല്‍ഡ് സ്റ്റഡിയും അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തി. രേഖകള്‍ ഓരോന്നിലും ഭൂമിയുടെ വിസ്തൃതി വ്യത്യസ്തമായിരുന്നു. 2 സര്‍വേ നമ്പറുകളിലായുള്ള ഭൂമിയുടെ വിസ്തൃതി യഥാര്‍ത്ഥത്തില്‍ 23.69 ഏക്കറാണെന്നിരിക്കേ മുന്‍ മന്ത്രിയുടേയും കുടുംബത്തിന്‍റേയും പേരില്‍ തയാറാക്കിയ വില്‍പ്പന രേഖകളില്‍ വിസ്തൃതി 45.80 ഏക്കറാണെന്ന് പറയുന്നു. സര്‍ക്കാരിന്‍റെ റെവന്യൂ വകുപ്പ് വെബ് സൈറ്റ് പറയുന്നത് 77.54 ഏക്കര്‍ ഭൂമിയെന്നാണ്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ 10-1 അടങ്കല്‍ രേഖ പ്രകാരം ഭൂവിസ്തൃതി 86.65 ഏക്കറാണ്. മന്ത്രി ചുറ്റു മതില്‍ കെട്ടിത്തിരിച്ചിരിക്കുന്ന ഭൂമിയുടെ വിസ്തീര്‍ണം 104 ഏക്കറും.
തെളിവ് 1- പെഡ്ഡി റെഡ്ഡിയും മകൻ മിഥുൻ റെഡ്ഡിയും അവരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്നും വിജിലൻസ് വ്യക്തമാക്കുന്നു.തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ പെഡ്ഡി റെഡ്ഡിയും മകന്‍ മിഥുന്‍ റെഡ്ഡിയും അവകാശപ്പെടുന്നത് രണ്ടു സര്‍വേ നമ്പറുകളിലായി തങ്ങള്‍ക്ക് 75.74 ഏക്കര്‍ ഭൂമി ഉണ്ടെന്നാണ്. എന്നാല്‍ യഥാര്‍ത്ഥ ഭൂവിസ്തൃതി ഇതല്ല. 1905- 1920 കാലയളവില്‍ നടത്തിയ ഭൂ സര്‍വേയില്‍ സര്‍വേ നമ്പര്‍ 295 ല്‍ 17.6 ഏക്കര്‍ ഭൂമിയും സര്‍വേ നമ്പര്‍ 296 ല്‍ 6 ഏക്കര്‍ ഭൂമിയും ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഈ ഭൂമിയുടെ സ്വഭാവം കരഭൂമിയുടേതാണെന്നും രേഖകളില്‍ പറയുന്നു.
തെളിവ് 2- ഭൂമി രജിസ്റ്റർ ചെയ്‌ത രേഖകളില്‍ കൃതിമത്വം കാണിച്ചെന്നും, വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമി കൂട്ടിച്ചേര്‍ത്ത് 104 ഏക്കര്‍ ആക്കിയെന്നും വിജിലൻസ് കണ്ടെത്തി.രണ്ട് സര്‍വേ നമ്പറുകളിലുമായി ആകെയുള്ളത് 23.69 ഏക്കര്‍ ഭൂമിയാണെന്നിരിക്കേ പെഡ്ഡി റെഡ്ഡിയും കുടുംബവും രജിസ്റ്റര്‍ ചെയ്ത വില്‍പ്പന രേഖയില്‍ പറയുന്നത് ഭൂ വിസ്തൃതി 45.8 ഏക്കറെന്നാണ്. സബ്ഡിവിഷനു ശേഷം രണ്ട് സര്‍വേ നമ്പറിലും ഭൂമി വര്‍ധിച്ചുവെന്നാണ് ന്യായം പറയുന്നത്.2000 ല്‍ രജിസ്റ്റര്‍ ചെയ്ത ആധാരമനുസരിച്ച് 2000 ഡിസംബര്‍ 29 ന് പെഡ്ഡി റെഡ്ഡി ലക്ഷ്മി ദേവി സര്‍വേ നമ്പര്‍ 295 / 1A യില്‍ ദേശി റെഡ്ഡി എന്നയാളില്‍ നിന്ന് 15 ഏക്കര്‍ ഭൂമി വാങ്ങിച്ചതായി പറയുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റൊരാധാരത്തില്‍ പെഡ്ഡി റെഡ്ഡി ഇന്ദിരാമ്മ അതേ ദിവസം തന്നെ ദേശി റെഡ്ഡി ശ്രീരാമലുവില്‍ നിന്ന് 10.8 ഏക്കര്‍ ഭൂമി വാങ്ങിച്ചതായും കാണിക്കുന്നു. മൂന്ന് ദിവസത്തിനകം ജനുവരി ഒന്ന് 2001 ല്‍ പെഡ്ഡി റെഡ്ഡി മിഥുന്‍ റെഡ്ഡി സര്‍വേ നമ്പര്‍ 295 / 1 C യില്‍ 10 ഏക്കര്‍ ഭൂമി ദേശി റെഡ്ഡി ചെങ്ങറെഡ്ഡിയില്‍ നിന്നും വാങ്ങിച്ചതായുള്ള ആധാരവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സര്‍വേ നമ്പര്‍ 295 ല്‍ ആകെയുള്ള ഭൂമി 17.69 ഏക്കറായിരിക്കേ പെഡ്ഡി റെഡ്ഡിയും കുടുംബവും അതേ നമ്പറില്‍ വാങ്ങിക്കൂട്ടി രജ്സ്റ്റര്‍ ചെയ്തിരിക്കുന്നത് 36.69 ഏക്കര്‍ ഭൂമിയാണ്. ഒരേ സര്‍വേ നമ്പറില്‍ 19 ഏക്കര്‍ ഭൂമിയാണ് മുന്‍ മന്ത്രിയും കുടുംബവും കൂടുതലായി രേഖകളില്‍ കാട്ടിയത്.
ആകെ 6 ഏക്കര്‍ ഭൂമി മാത്രമുള്ള സര്‍വേ നമ്പര്‍ 296 ല്‍ പെഡ്ഡി റെഡ്ഡി ഇന്ദിരാമ്മ 2002 ല്‍ 9.11 ഏക്കര്‍ ഭൂമി ദേശി റെഡ്ഡി സര്‍വേശ്വര റെഡ്ഡി എന്നയാളില്‍ നിന്ന് വാങ്ങിച്ചതായി ആധാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തെളിവ് 3- റെവന്യൂ വകുപ്പിന്‍റെ കൈവശമുള്ള വെബ് ലാന്‍ഡ് പോര്‍ട്ടല്‍: രണ്ട് സര്‍വേ നമ്പറുകളിലായി കേവലം 23.69 ഏക്കര്‍ ഭൂമി സ്വന്തമായുള്ള പെഡ്ഡിറെഡ്ഡിയും കുടുംബവും രജിസ്റ്റര്‍ ചെയ്തെടുത്തതായി രേഖകളില്‍ കാട്ടിയത് 45.80 ഏക്കറാണ്. അത് റവന്യൂ രേഖകളിലെത്തുമ്പോള്‍ 77.54 ഏക്കറായി മാറുന്നു. അധികമായി കൂട്ടിച്ചേര്‍ക്കപ്പെട്ടത് 53.65 ഏക്കര്‍.
തെളിവ് 4-
വന ഭൂമി പരമ്പരാഗത സ്വത്തായി കാണിച്ചു: 10-1 അടങ്കലില്‍ പെഡ്ഡി റെഡ്ഡിയും കുടുംബവും കൈവശം വെക്കുന്നത് 77.54 ഏക്കര്‍ ഭൂമിയാണെന്ന് പറയുന്നു. ഇതില്‍ 40.91 ഏക്കര്‍ ഭൂമി വാങ്ങിച്ചതാണെന്നാണ് അവകാശപ്പെടുന്നത്. ബാക്കി വരുന്ന 36 ഏക്കറിലേറെ ഭൂമി പാരമ്പര്യ സ്വത്താണെന്നാണ് 10-1 അടങ്കലില്‍ കാണിച്ചത്.
തെളിവ് 5- മംഗലാം പേട്ട് വില്ലേജ് മാപ്പ്:
മംഗലാം പേട്ട് വില്ലേജ് മാപ്പ് പ്രകാരം സര്‍വേ നമ്പര്‍ 295 ലേയും 296 ലേയും ഭൂമി കിടക്കുന്നത് വെവ്വേറെ ഭാഗങ്ങളിലാണ് വില്ലേജില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്കായാണ് ഈ സര്‍വേ നമ്പറിലുള്ള ഭൂമി.അതാകട്ടെ സംരക്ഷിത വന മേഖലയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നതും.
തെളിവ് 6-
ഗൂഗിള്‍ എര്‍ത്ത് മാപ്പ്:
ഗൂഗിള്‍ എര്‍ത്ത് മാപ്പ് പ്രകാരവും ഫീല്‍ഡ് വിസിറ്റിനു ശേഷം ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ മാപ്പ് പ്രകാരവും പെഡ്ഡി റെഡ്ഡിയും കുടുംബവും വേലി കെട്ടിത്തിരിച്ചിരിക്കുന്നത് 104 ഏക്കര്‍ ഭൂമിയാണ്. ഫോറസ്റ്റ് ഉദ്.ോഗസ്ഥരുടേയും പഞ്ചായത്ത് സര്‍വേയറുടേയും സഹായത്തോടെ നടത്തിയ പരിശോധനയില്‍ മറ്റു രേഖകളുമായി താരതമ്യം ചെയ്തതില്‍ മുന്‍ മന്ത്രിയും കുടുംബവും 86.65 ഏക്കര്‍ വന ഭൂമി കൈയേറിയതായി വ്യക്തമായി. ഭൂമി കൈയേറ്റം തടയാന്‍ ബാധ്യതപ്പെട്ട റെവന്യൂ വനം വകുപ്പുദ്യോഗസ്ഥര്‍ മുന്‍ മന്ത്രിയുടെ കൈയേറ്റത്തിനെതിരെ അനങ്ങിയില്ല.
തെളിവ് 7-
പഞ്ചായത്തില്‍ സ്വാധീനം ചെലുത്തി കൈയേറ്റ ഭൂമിയിലേക്ക് റോഡ് പണിതു. 2022 ആഗസ്ത് 18 ലെ ഗസറ്റ് പ്രകാരം ഇതിനടുത്തുള്ള എസ് ടി കോളനിയിലേക്ക് 5 കിലോമീറ്റര്‍ റോഡ് പണിതു. പഞ്ചായത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ റോഡിനായി പ്രമേയം പാസ്സാക്കിയത്. അതിന്‍റെ മറവില്‍ സ്വകാര്യ എസ്റ്റേറ്റിലേക്ക് സ്ഥിരം റോഡ് നിര്‍മ്മിച്ചു.
വൻ അഴിമതിയാണ് മുൻ മന്ത്രി നടത്തിയതെന്ന് ഈ തെളിവുകളില്‍ നിന്നും വ്യക്തമാണ്. കെട്ടിച്ചമച്ച വ്യാജ രേഖകള്‍ ഉള്‍പ്പെടെ ഏഴോളം തെളിവുകളാണ് വിജിലൻസ് പുറത്തുവിട്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മുൻമന്ത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read: പ്രതാപ് ബാജ്വയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആപ് നേതാക്കൾ; അടിയന്തര യോഗം വിളിച്ച് കെജ്‌രിവാൾ