ന്യൂഡല്‍ഹി: എല്ലാവരെയും സമവായത്തിലൂടെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് എപ്പോഴും ശ്രമിക്കുന്നതെന്ന് രാജ്യസഭാംഗം കപില്‍ സിബല്‍. ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഒന്നിച്ചിരുന്ന് വരുന്ന തെരഞ്ഞെടുപ്പുകള്‍ എങ്ങനെ നേരിടാമെന്ന് ആലോചിക്കണം. ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹരിയാനയിലും ഗോവയിലും ഗുജറാത്തിലും എല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനോട് ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഇവ ചോദിക്കപ്പെടുക തന്നെ വേണം. എല്ലാവരെയും കോണ്‍ഗ്രസ് ഒപ്പം കൂട്ടുന്നത് കൊണ്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. തങ്ങള്‍ക്ക് അധികാരത്തില്‍ വരാനാകാത്തതിന്‍റെ കാരണം കോണ്‍ഗ്രസാണെന്ന് ആര്‍ജെഡി ആരോപിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഓരോരുത്തരും തീരുമാനിക്കണം. ഒരൊറ്റ നേതൃത്വം എന്നതാണ് ബിജെപിയുടെ നേട്ടം. ഇതിന്‍റെ പ്രയോജനം അവര്‍ക്ക് കിട്ടുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് തെരഞ്ഞടുപ്പിനെ നേരിട്ടു. ഇതിന്‍റെ പ്രയോജനം കിട്ടി. തമിഴ്‌നാട്ടിലും അത് തന്നെയാണ് സംഭവിച്ചത്. അത് കൊണ്ട് തന്നെ എങ്ങനെ മുന്നോട്ട് പോകണമെന്നത് എല്ലാവരും ചര്‍ച്ച ചെയ്‌ത് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യമെന്നത് ഒരു ദേശീയ സഖ്യമാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ എന്താണ് ഇതില്‍ നിന്ന് വേര്‍തിരിച്ച് എടുക്കേണ്ടത് എന്നതാണ് പ്രശ്‌നമെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.
പങ്കാളികള്‍ പരസ്‌പരം പൊരുതണോ ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പുകളെ നേരിടണോ എന്നതാണ് പ്രശ്‌നം. ശരദ് പവാര്‍ പറയുന്നത് സഖ്യം ദേശീയ തലത്തില്‍ മാത്രം ബാധകമെന്നതാണ്. അതായത് പൊതുതെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയുണ്ടാക്കി മത്സരിക്കണമെന്നതാണ് അദ്ദേഹത്തിന്‍റെ നിലപാട്. സീറ്റ് ധാരണയുണ്ടാക്കിയ ശേഷം ഒന്നിച്ച് നിന്ന് പൊരുതണമെന്നും സിബല്‍ പറഞ്ഞു.
സഖ്യ രാഷ്‌ട്രീയമാണോ അതോ ഒറ്റയ്ക്ക് നില്‍ക്കുകയാണോയെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറിന്‍റെ പരാമര്‍ശവും സിബല്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞത് ശരിയാണെന്നായിരുന്നു സിബലിന്‍റെ അഭിപ്രായം. കെജ്‌രിവാള്‍ ഗോവ, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ താരിഖ് യാതൊന്നും പറഞ്ഞിരുന്നില്ല.
അത് കൊണ്ട് തന്നെ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സഖ്യം വേണമോയെന്ന് പാര്‍ട്ടികള്‍ തീരുമാനിക്കണം. എല്ലാവരും ഒന്നിച്ചിരുന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകളില്‍ മന്ത്രി ആയിരുന്ന സിബല്‍ 2022ല്‍ രാജ്യസഭാംഗമായതോടെയാണ് കോണ്‍ഗ്രസ് വിട്ടത്. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സ്വതന്ത്രനായി അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചെന്ന ആരോപണം പല ഇന്ത്യ സഖ്യ നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടായ സാഹചര്യത്തിലാണ് കപിലിന്‍റെ പരാമര്‍ശങ്ങള്‍.