വാഷിങ്‌ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് (സെപ്‌റ്റംബർ 13) ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രാദേശിക സമയം രാത്രി 11.45pm ന് നാസയുടെ ജോൺസൺ സ്‌പേസ് സെന്‍ററിലെ ന്യൂസ് റൂമിൽ വെച്ചാണ് വാർത്താസമ്മേളനം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. നാസ+, നാസ ആപ്പ്, നാസയുടെ വെബ്‌സൈറ്റ് എന്നിവയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ബഹിരാകാശ നിലയത്തിലെ അനുഭവങ്ങൾ പങ്കുവയ്‌ക്കുമെന്നാണ് വിവരം.
ഇരുവരും ബഹിരാകാശത്തേക്ക് സഞ്ചരിച്ച ബോയിങിന്‍റെ സ്റ്റാർലൈനർ പേടകം ഭൂമിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വാർത്തസമ്മേളനം നടത്താൻ നാസയുടെ തീരുമാനം. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് ജൂൺ 5 നാണ് ബോയിങിന്‍റെ സ്റ്റാർലൈനർ വിക്ഷേപിച്ചത്. ജൂൺ 6 നാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്. 10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടതായിരുന്നു സുനിതയും വിൽമോറും. എന്നാൽ ഹീലിയം ചോർച്ചയും മറ്റ് സാങ്കേതിക തകരാറുകളും മൂലം പേടകത്തിന്‍റെ മടങ്ങിവരവ് പ്രതിസന്ധിയിലായതോടെ ഇരുവരും ബഹിരാകാശ നിലയത്തിൽ തന്നെ തങ്ങുകയാണ്.