വാഷിങ്‌ടൺ:അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ച് ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. അമേരിക്കൻ പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് പ്രധാന കടമയാണെന്നും ഇതിനായി നാസ തങ്ങളെ സഹായിക്കുമെന്ന് കരുതുന്നുവെന്നും ബുച്ച് വിൽമോർ പറഞ്ഞു. ബോയിങിന്‍റെ സ്റ്റാർലൈനർ പേടകം ഭൂമിയിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇരുവരും.
10 ദിവസത്തിനുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടിരുന്ന ഇരുവരുടെയും യാത്ര സ്റ്റാർലൈനർ പേടകത്തിന് വാതക ചോർച്ച സംഭവിച്ചത് കാരണം നീളുകയാണ്. 2025 ഫെബ്രുവരിയിലായിരിക്കും ഇരുവരും മടങ്ങിയെത്തുക. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലേക്ക് ഇരുവർക്കും ഭൂമിയിലെത്താൻ സാധിക്കില്ല. ഇതിനെ തുടർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ടുചെയ്യാൻ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചത്. തങ്ങളുടെ സമ്മതിദാനപത്രം അയച്ചിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു.
ബാലറ്റിനായി അഭ്യർത്ഥന അയച്ചതായും രണ്ടാഴ്‌ചയ്ക്കുള്ളിൽ ലഭിക്കുമെന്നും വിൽമോർ പറഞ്ഞു. അമേരിക്കൻ പൗരൻ എന്ന നിലയിൽ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാസ അത് എളുപ്പമാമാക്കി തന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ നാസ ജീവനക്കാർക്ക് ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ അനുമതി നൽകുന്ന ബിൽ 1997ൽ പാസാക്കിയിരുന്നു. നാസയുടെ ബഹിരാകാശയാത്രികനായ ഡേവിഡ് വുൾഫ് മിർ ആണ് ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്യുന്ന ആദ്യത്തെ അമേരിക്കക്കാരൻ. 2020-ൽ കേറ്റ് റൂബിൻസും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്‌തിരുന്നു.