ബെംഗളൂരു : 2018ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിലാണ് ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം നടപ്പാകുമ്പോള്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് നേരത്തെ മനുഷ്യരെ ബഹിരാകാശത്തേക്ക് അയച്ചത് (Gaganyaan).
ഗഗന്‍യാന്‍ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തില്‍ മൂന്ന് പേരെയാണ് ഇന്ത്യ അയക്കുന്നത്. ഭൂമിയില്‍ നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെയുള്ള ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലേക്കാണ് ഇവരെ എത്തിക്കുക. മൂന്ന് ദിവസം അവിടെക്കഴിഞ്ഞ ശേഷമാകും ഇവര്‍ മടങ്ങുകയെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഗഗന്‍യാനിലെ യാത്രികര്‍ക്കൊപ്പം നാല് ജീവശാസ്‌ത്ര പരീക്ഷണങ്ങളും നാല് ഭൗതിക പരിശോധനകളും നടത്തുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് രാവിലെയാണ് ഗഗന്‍യാനിലെ യാത്രികരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
എല്‍വിഎം മാര്‍ക്ക്3 റോക്കറ്റിലാണ് ഗഗന്‍യാന്‍ വിക്ഷേപിക്കുക. മനുഷ്യരെ വഹിക്കാനുതകും വിധം പുനര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട് ഈ റോക്കറ്റ്. ഗഗന്‍യാനിലെ യാത്രികരുടെ വസ്‌ത്രങ്ങള്‍ നേരത്തെ ബെംഗളൂരുവില്‍ നടന്ന ബഹിരാകാശ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു(4 Astronauts to space).
രണ്ട് യൂണിറ്റുകളുള്ള ഗഗന്‍യാന് 8000 കിലോ ഭാരമുണ്ട്. ഇതില്‍ ഒരെണ്ണം യാത്രക്കാര്‍ക്കുള്ളതും ഒന്ന് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ളതുമാണ്. യാത്രികര്‍ക്കുള്ള യൂണിറ്റ് രണ്ട് പാളികളുള്ള ഭിത്തി കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോഴുണ്ടാകുന്ന അമിതമായ ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കും. ഗഗന്‍യാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് മൂന്ന് പരീക്ഷണങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. പരീക്ഷണ ദൗത്യ വാഹനങ്ങളുടെ പരിശോധനയും വിജയകരമായി പൂര്‍ത്തിയാക്കി.