സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് നിര്‍മിതബുദ്ധിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്. ഇന്നലെ വരെ കേവലം സങ്കല്‍പ്പങ്ങളും ഭാവനയുമൊക്കെയായിരുന്ന കാര്യങ്ങള്‍ പതിയെ ആഗോള തലത്തില്‍ത്തന്നെ ലോകത്തെ അലട്ടുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്(Artificial Intelligence).
മനുഷ്യന്‍റെ ചെറിയ പിഴവുകള്‍ പോലും നിര്‍മ്മിതബുദ്ധി തെറ്റായ രീതിയില്‍ ഉപയോഗിച്ചേക്കാന്‍ ഇടയുണ്ടെന്നതാണ് ഏറ്റവും വലിയ ആശങ്ക. ലോക സാമ്പത്തിക ഫോറം മുതല്‍ സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ വരെ എഐയുടെ അപകടവും നല്ല വശങ്ങളും ചൂണ്ടിക്കാട്ടി ഇതു ഒരു പുത്തന്‍ ശീതയുദ്ധത്തിന് വരെ കാരണമായേക്കുമെന്ന് അഭിപ്രായപ്പെടുന്നു(Future of AI).
എഐ സാങ്കേതിക വിദ്യ അഭിവൃദ്ധിപ്പെട്ടതോടെ നമുക്കു മുന്നില്‍ തുറന്നു കിട്ടിയത് പുരോഗതിയാണെങ്കിലും അതില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു എന്നതാണ് വലിയ വൈരുദ്ധ്യം(Misuse of AI). ഡീപ്പ് ഫേക് പോലുള്ള സാങ്കേതിക വിദ്യകളുടെ കണ്ടെത്തല്‍ തന്നെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ്. ഇത് അത്യന്താധുനികവും സങ്കീര്‍ണവുമായ ഡിജിറ്റല്‍ വ്യാജ നിര്‍മിതിയാണ്. യാഥാര്‍ത്ഥ്യമേത് ഭാവനയേത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള ഇത്തരം പരിപാടികള്‍ ഡിജിറ്റല്‍ ആശയവിനിമയ രീതികളുടെ വിശ്വാസ്യതയെത്തന്നെ തകര്‍ക്കുന്നു. എഐ അധിഷ്ഠിത ക്രിപ്റ്റോഗ്രാഫിയും സൈബര്‍ സുരക്ഷാ ആപ്പുകളുമൊക്കെ തട്ടിപ്പിനും കൃത്രിമത്വത്തിനുമുള്ള സാധ്യതകള്‍ ഏറ്റുന്നു. ഇത് വിവരങ്ങള്‍ പങ്കുവെക്കുന്നതിലെ സുരക്ഷിതത്വം ചോര്‍ത്തുകയും ആഗോള സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു.
ഹൈപ്പര്‍ ഗ്ലോബലൈസേഷനും ആഗോള തലത്തിലെ ചര്‍ച്ചകളും
ഹൈപ്പര്‍ ഗ്ലോബലൈസേഷനില്‍ നിര്‍മ്മിതബുദ്ധിയുടെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ലോക സാമ്പത്തിക ഫോറം പോലുള്ള രാജ്യാന്തര സംഘടനകളുടെ പങ്ക് വലുതാണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ എഐയെക്കൂടി ഉള്‍ച്ചേര്‍ക്കുമ്പോള്‍ വളരെ സമന്വിതമായ സമീപനം ആവശ്യമാണെന്ന് ഈ സംഘടനകള്‍ പറയുന്നു. പ്രത്യേകിച്ചും സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുന്നതിനൊപ്പം അസമത്വം പെരുകും എന്ന അപകടവും കാണാതെ പോകരുതെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ മേധാവിത്വം ആര്‍ക്കെന്നതിനെച്ചൊല്ലി പുതിയ ശീതയുദ്ധങ്ങള്‍ ആരംഭിക്കുന്നത് ലോക രാഷ്ട്രങ്ങളെ വീണ്ടും ശിഥിലമാക്കും. സാങ്കേതിക വിദ്യ വളരുമ്പോഴും അതിലെ നൈതികത ഉറപ്പു വരുത്തുന്നതിനുള്ള ചട്ടക്കൂടുകള്‍ അടിയന്തരമായിത്തന്നെ നമുക്ക് ആവിഷ്കരിക്കേണ്ടതുണ്ട്.
യുദ്ധമുന്നണിയില്‍ എ ഐ
സൈനിക രംഗത്ത് നിര്‍മ്മിത ബുദ്ധിയുടെ പ്രയോഗം, പ്രത്യേകിച്ചും ഓഗ്മെന്‍റഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും പോലുള്ളവ ഉപയോഗിച്ചുള്ള സിമുലേഷന്‍, പ്രതിരോധ തന്ത്രങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. തന്ത്രപരമായി ഇത്തരം സാങ്കേതിക വിദ്യകള്‍ നമുക്ക് മേല്‍ക്കൈ നല്‍കുമെങ്കിലും അവയുടെ ഉപയോഗവും പ്രയോഗവും നൈതികമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എ ഐ ഉപയോഗിച്ചുള്ള ആയുധ മല്‍സരം കൂടി കനക്കുന്നതോടെ രാജ്യാന്തര ബന്ധങ്ങള്‍ പലതും വീണ്ടും സങ്കീര്‍ണ്ണമാവും. സ്വയം നിയന്ത്രിത ആയുധങ്ങള്‍ സൃഷ്ടിക്കാനിടയുള്ള അപകടം തിരിച്ചറിഞ്ഞ് അവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ലോക സാമ്പത്തിക ഫോറം പോലുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്ര സുരക്ഷയ്ക്ക് എഐ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നാളെ സ്വയം നിയന്ത്രിത ആയുധങ്ങള്‍ ഉപയോഗിച്ച് ആളില്ലാ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന അരാജക അവസ്ഥ ഉണ്ടായിക്കൂടാ. അതിന് കൃത്യമായ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കേണ്ടതുണ്ട്.
നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ മേധാവിത്വത്തിനായി ലോക രാഷ്ട്രങ്ങള്‍ നടത്തുന്ന മല്‍സരം കൈ ഫു ലീയുടെ ' എഐ സൂപ്പര്‍ പവേഴ്‌സ് : ചൈന, സിലിക്കണ്‍വാലി, ആന്‍ഡ് ദി ന്യൂ വേള്‍ഡ് ഓര്‍ഡര്‍' എന്ന പുസ്‌തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. തന്ത്രപരമായി എഐ എത്രമാത്രം പ്രധാനമാണ് എന്ന് തെളിയിക്കുന്നതാണ് എഐ മേധാവിത്വത്തിന്‍റെ പേരില്‍ വന്‍ ശക്തികള്‍ തമ്മില്‍ നടക്കുന്ന സാങ്കേതിക ശീതയുദ്ധങ്ങളെന്ന് ലീ പുസ്‌തകത്തില്‍ വിവരിക്കുന്നു. ഒപ്പം ഈ ശീതയുദ്ധങ്ങള്‍ എങ്ങനെ ആഗോള തലത്തില്‍ അസ്ഥിരതയ്ക്ക് വഴിവയ്ക്കുന്ന സംഘര്‍ഷമായി വളരാമെന്നും മുന്നറിയിപ്പ് നല്‍കുന്നു.