ആഗോളതലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിന്‍റെ പ്രതിഫലനങ്ങൾ ഇന്ത്യയിലും പ്രകടമാണ്. സാങ്കേതികവിദ്യ ചൂഷണം ചെയ്‌താണ് സൈബർ ക്രിമിനലുകള്‍ ഇന്ന് സർക്കാർ സ്ഥാപനങ്ങളിൽനിന്നും, കോർപ്പറേറ്റ് സ്‌ഥാപനങ്ങളഇല്‍ നിന്നും വ്യക്‌തീകളില്‍ നിന്നുമെല്ലാം ഡാറ്റ മോഷ്‌ടിക്കുന്നത്. ഇതെല്ലാം വ്യാപക നാശനഷ്‌ടങ്ങളാണ് സമൂഹത്തിൽ ഉണ്ടാകുന്നത്.
2021-ൽ ഇന്ത്യ 14.02 ലക്ഷം സൈബർ ആക്രമണങ്ങൾ നേരിട്ടു, 2022-ൽ 13.9 ലക്ഷത്തിലധികം ആക്രമണങ്ങൾ നടന്നു. അതേസമയം ആഗോളതലത്തിൽ 2022 ൽ സൈബർ ആക്രമണങ്ങൾ 38% വർദ്ധിച്ചു. സൈബർ സുരക്ഷ വെല്ലുവിളികളെ നേരിടുന്നത് സങ്കീർണ്ണവും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്, ഇത് പലപ്പോഴും നഷ്‌ടങ്ങളിലാണ് ചെന്നുനില്‍ക്കാറ്. വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിങ്, വാണിജ്യം തുടങ്ങിയ മേഖലകളില്‍ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന നേട്ടങ്ങൾ ഉണ്ടെന്നിരിക്കിലും അതേ സാങ്കേതികവിദ്യയെ സൈബർ കുറ്റവാളികളുടെ ചൂഷണത്തില്‍ നിന്ന് മോചിപ്പിച്ച് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചറും വ്യക്തിഗത ഡാറ്റയും സംരക്ഷിക്കാന്‍ ബഹുമുഖ തന്ത്രങ്ങൾ ആവശ്യമാണ്.
- പണമാണ് പ്രേരണ
സൈബർ സുരക്ഷയിൽ ഇന്ത്യയുടെ മുന്നണിപ്പോരാളി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ആണ്. സൈബർ സുരക്ഷ വീഴ്‌ചകള്‍ അടക്കമുള്ളവ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഏജൻസിയാണിത്. വിവര സുരക്ഷാ വിദഗ്‌ധരുടെ ഒരു കൺസോർഷ്യം സൈബർ ഭീഷണികൾ കണ്ടെത്താനും അവയെ നിര്‍വീര്യമാക്കാനും മുഴുവൻ സമയവും പ്രവർത്തിക്കുന്നു. 2020ൽ മാത്രം സൈബർ കടന്നുകയറ്റവുമായി ബന്ധപ്പെട്ട 11.58 ലക്ഷത്തോളം പരാതികൾ സിഇആർടി-ഇൻ പരിഹരിച്ചു. ഡാറ്റ മോഷണത്തിന് പുറമെ സൈബർ കുറ്റവാളികളുടെ തന്ത്രങ്ങൾ, സോഫ്റ്റ്‌വെയറുകളിലെ കടന്നുകയറ്റം എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ ഈ എമർജൻസി റെസ്‌പോൺസ് ഫോഴ്‌സ് ഉചിതമായി നിര്‍വീര്യം ചെയ്യുന്നു.
2022 നവംബറിൽ റാന്‍സം വെയര്‍ ഉപയോഗിച്ച് ഡൽഹിയിലെ ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ സെർവറുൾ ഹാക്ക് ചെയ്യപ്പെട്ടു. 4 കോടിയിലധികം സെൻസിറ്റീവ് രേഖകൾ അനധികൃതമായി ആക്‌സസ് ചെയ്‌തു. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ചില വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന ഡാറ്റ ഇവരുടെ കയ്യിലെത്തിയത് കാര്യമായ സുരക്ഷാ ആശങ്കകൾ ഉയർത്തി. എയിംസ് ഐടി ഇൻഫ്രാസ്ട്രക്‌ചർ പുനഃസ്ഥാപിക്കാന്‍ ഹാക്കര്‍മാര്‍ കനത്ത മോചനദ്രവ്യം ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ ഉയർന്നു. 2023 ജൂണിൽ നടന്ന ആക്രമണത്തിൽ സൈബർ കുറ്റവാളികൾ എയിംസിലെ കമ്പ്യൂട്ടർ സംവിധാനങ്ങൾ തകര്‍ക്കാന്‍ മാല്‍വെയറുകള്‍ വിന്യസിച്ചിരുന്നു. എന്നാല്‍ സ്ഥാപനത്തിൻ്റെ ശക്തമായ സൈബർ പ്രതിരോധ സംവിധാനങ്ങൾ ഈ ശ്രമത്തെ പരാജയപ്പെടുത്തി.
ബിസിനസ്, പേഴ്‌സണൽ കമ്പ്യൂട്ടർ സിസ്‌റ്റങ്ങളിൽ നുഴഞ്ഞുകയറാൻ ഹാക്കർമാർ വിവിധ തന്ത്രങ്ങൾ പ്രയോഗിക്കുന്നു. ഫിഷിംഗ് ഇമെയിലുകൾ ഒരു വ്യാപകമായ തന്ത്രമാണ്. ഈ ഇമെയിലുകൾ നിങ്ങളുടെ ബാങ്ക് അടക്കമുള്ള വിശ്വസ്‌ത സ്ഥാപനങ്ങളുടേതെന്ന് തോന്നിക്കും വിധത്തിൽ വ്യാജ ഇമെയിലുകൾ അയക്കും.ഇ ഇമെയിലുകൾ നിങ്ങളെ മാല്വെയറുകളിലേക്ക് നയിക്കും അവയിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ കംപ്യൂട്ടറിലെ ഡാറ്റയിലേക്കടക്കം ഹാക്കർമാർക്ക് പ്രവേശനം നൽകുന്നു. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യയിൽ ഫിഷിങ് തട്ടിപ്പുകൾക്ക് ഇരയാകുന്നത്. ഈ അപകടസാധ്യത ലഘൂകരിക്കാന്‍ ലഭിക്കുന്ന എല്ലാ ഇമെയിലുകളുടെയും ആധികാരികത ഉറപ്പുവരുത്തി ജാഗ്രത പാലിക്കേണ്ടതുണ്ട്.