ഷീലാ ദീക്ഷിത് സര്‍ക്കാരിന്‍റെ അഴിമതിയും കോണ്‍ഗ്രസ് നടത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ഉയര്‍ത്തി ഡല്‍ഹി ജനതയുടെ പ്രീതി പിടിച്ചു പറ്റിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മൂന്ന് തവണ അധികാരത്തിലേറിയത്. എന്നാല്‍ അതേ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അതിശക്തമായ മദ്യനയ അഴിമതി അവരുടെ ഭരണം കടപുഴക്കുന്ന കാഴ്‌ചയാണ് ഡല്‍ഹി നിയമാസഭാ തെരഞ്ഞടുപ്പില്‍ കാണുന്നത്.
2011ലെ ജന്‍ ലോക് പാല്‍ പ്രക്ഷോഭത്തിലൂടെ ഡല്‍ഹിക്കാരുടെ കണ്ണിലുണ്ണികളായി മാറിയ അരവിന്ദ് കെജ്രിവാളും കൂട്ടരും അഴിമതിക്കെതിരേയും കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും തുറന്ന സമരമുഖങ്ങള്‍ ഡല്‍ഹിക്ക് പുത്തനായിരുന്നു. തൊട്ടു പിന്നാലെ വന്ന നിര്‍ഭയ സംഭവം ഡല്‍ഹി നിവാസികളെ വല്ലാതെ സ്‌പര്‍ശിച്ച സംഭവമായിരുന്നു.
സ്ത്രീകളും വീട്ടമ്മമാരും വിദ്യാര്‍ഥികളും ഒന്നടങ്കം ആം ആദ്മി പാര്‍ട്ടിക്കൊപ്പം അണി നിരന്നു. ഞായറാഴ്ചകളിലും സായാഹ്നങ്ങളിലും ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ചിരുന്ന ജന സഭകളിലേക്ക് സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള ഡല്‍ഹിക്കാര്‍ ഒഴുകിയെത്തി. നിര്‍ഭയ സംഭവത്തിലും ഡല്‍ഹിക്കാര്‍ക്കൊപ്പം നിന്ന് സമരം നയിച്ച കെജ്രിവാളും കൂട്ടരും വോട്ടര്‍മാരുടെ ഹൃദയങ്ങലിലേക്ക് പതുക്കെ കടന്നു കയറുകയായിരുന്നു.
ആം ആദ്‌മികള്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങള്‍ക്ക് വിഐപി സൗകര്യങ്ങള്‍ ഒന്നും വേണ്ടെന്നായിരുന്നു ആപ് നേതാക്കള്‍ ഭരണത്തിലേറിയപ്പോള്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന്. മധ്യവര്‍ഗത്തേയും ചേരി നിവാസികളേയും കൈയിലെടുക്കാനുള്ള വിദ്യകളൊന്നും കെജ്രിവാള്‍ പാഴാക്കിയില്ല.
ഡല്‍ഹിയിലെ വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ബില്ലടക്കാന്‍ വിസമ്മതിച്ചു കൊണ്ടായിരുന്നു കെജ്രിവാള്‍ സമരം നടത്തിയത്. അങ്ങിനെ വൈദ്യുതി വിഛേദിക്കപ്പെട്ട വീടുകളില്‍ ആപ്പ് നേതാക്കള്‍ നേരിട്ടെത്തി വൈദ്യുതി പുനസ്ഥാപിച്ചു നല്‍കി. തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റിയ നേതാക്കള്‍ ഇവരാണെന്ന് തിരിച്ചറിഞ്ഞ ഡല്‍ഹിയിലെ മധ്യവര്‍ഗവും ചേരി നിവാസികളും ന്യൂനപക്ഷവും ഒറ്റക്കെട്ടായി ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നു.
അതിര്‍ത്തി സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും ഹരിയാനയിലും തുടര്‍ഭരണം ഉണ്ടായിട്ടും ബിജെപിക്ക് ഡല്‍ഹി തൊടാനാവാതിരുന്നത് ഈ വിഭാഗങ്ങളുടെ ശക്തമായ പിന്തുണ ആപ്പിന് ഉണ്ടായിരുന്നതു കൊണ്ടായിരുന്നു. ഊര്‍ജ മേഖലയിലും വിദ്യാഭ്യാസരംഗത്തും ആപ് സര്‍ക്കാര്‍ കൊണ്ടു വന്ന പരിഷ്‌കാരങ്ങള്‍ വിപ്ലവാത്മകമായിരുന്നു.
എന്നാല്‍ ആം ആദ്‌മിയെ മുന്‍ നിര്‍ത്തി രണ്ടാം തവണയും ഭരണത്തിലേറിയ ശേഷം കെജ്രിവാളടക്കമുള്ള നേതാക്കള്‍ സാധാരണക്കാരെ മറന്ന് ഭരണം നടത്തിയെന്ന ആക്ഷേപം ഉയര്‍ത്തി പലരും ആപ് വിട്ടു. ഇതിനൊപ്പം മദ്യനയ അഴിമതിക്കേസും വന്നു. മനീഷ് സിസോദിയയും കെജ്രിവാളും അടക്കമുള്ളവര്‍ ജയിലിലായി. ഒരു ദശകത്തിലേറെ നീണ്ട ആപ് ഭരണത്തിനൊടുവില്‍ ഡല്‍ഹിയില്‍ കാറ്റ് മാറി വീശുകയാണ്.
ന്യൂഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ ബിജെപി സ്വാധീനം തിരിച്ചു പിടിക്കുന്നതാണ് ഇത്തവണ കണ്ടത്. 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബിജെപി രാജ്യ തലസ്ഥാനത്ത് ഭരണത്തില്‍ തിരിച്ചെത്തുന്നു. പടിഞ്ഞാറന്‍ ഡല്‍ഹി, ന്യൂഡല്‍ഹി മേഖലകളില്‍ ആപ്പിന് കനത്ത തിരിച്ചടി നേരിട്ടു. ഓഖ്ല അടക്കം ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ ബിജെപി ആദ്യം മുന്നിലെത്തിയിരുന്നു.
പഞ്ചാബികള്‍ക്ക് ആധിപത്യമുള്ള പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്ന് ബിജെപി വന്‍ നേട്ടമുണ്ടാക്കി. 9 സീറ്റുകളാണ് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്ന് ബിജെപി അധികമായി നേടിയെടുത്തത്.കഴിഞ്ഞ തവണത്തേക്കാള്‍ 10 ശതമാനം വോട്ടുകള്‍ കൂടുതലായി നേടി. ഇത് ആപ് അധികാരത്തിലിരിക്കുന്ന പഞ്ചാബിലും പ്രതീക്ഷ പുലര്‍ത്തുന്ന ഹരിയാനയിലും ആപത് സൂചനകള്‍ നല്‍കുകയാണ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് 7 സീറ്റുകളും ന്യൂഡല്‍ഹിയില്‍ നിന്ന് 6 സീറ്റുകളും ബിജെപിക്ക് ഇത്തവണ കൂടുതലായി നേടാനായി. ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 13 ശതമാനം വോട്ടുകള്‍ നഷ്ടമായി. ഒബിസി, മേല്‍ജാതികള്‍, എന്നിവരുടെ വോട്ടുകളില്‍ വലിയ വിള്ളലുണ്ടായി. ആപ്പില്‍ നിന്ന് നഷ്ടമായ വോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്കെത്തി. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള 11 സീറ്റുകളില്‍ ഏഴ് ഇടത്ത് ആപ്പ് മുന്നിലെത്തിയപ്പോള്‍ 4സീറ്റുകളില്‍ ബിജെപി മുന്നിലെത്തി
52 ശതമാനത്തിലേറെ മുസ്ലീം വോട്ടര്‍മാരുള്ള ഓഖ്ലയില്‍ രണ്ട് തവണ എം എല്‍ എ യായ ആപ്പിന്‍റെ അമാനത്തുള്ള ഖാനെ നേരിടാന്‍ മനീഷ് ചൗധരിയെയാണ് ബിജെപി രംഗത്തിറക്കിയത്. കോണ്‍ഗ്രസാകട്ടെ മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദരന്‍റെ മകള്‍ ആരിബാ ഖാനെ രംഗത്തിറക്കി.
ഒവൈസിയുടെ AIMEIM കൂടി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ഓഖ്ലയില്‍ ആപ് സ്ഥാനാര്‍ത്ഥി അമാനത്തുള്ള ഖാനെ പിന്തള്ളി ആദ്യ ഘട്ടത്തില്‍ മുന്നേറിയത് ബിജെപി സ്ഥാനാര്‍ത്ഥി മനീഷ് ചൗധരിയായിരുന്നു. പിന്നീട് അമാനത്തുള്ള ഖാന്‍ ലീഡ് പിടിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയതാകട്ടെ ഒവൈസിയുടെ AIMEIM സ്ഥാനാര്‍ത്ഥി ഷിഫാ ഉര്‍ റഹ്മാന്‍ ഖാനായിരുന്നു. ത്രികോണ മത്സരം കാഴ്‌ചവയ്‌ക്കുന്ന മണ്ഡലത്തില്‍ നിലവില്‍ എഎപി സ്ഥാനാര്‍ഥി തന്നെ ലീഡ് തിരിച്ചുപിടിച്ചു.
മുസ്തഫാബാദ് മണ്ഡലത്തില്‍ ബിജെപിയിലെ മോഹന്‍ സിങ്ങ് ബിഷ്ത് തുടക്കം മുതല്‍ വന്‍ ഭൂരിപക്ഷത്തില്‍ മുന്നേറുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ സംഗം വിഹാര്‍, ഗോകല്‍ പൂര്‍ മണ്ഡലങ്ങളിലും ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി.
സീലംപൂരില്‍ ആപിന്‍റെ ചൗധരി സുബൈര്‍ അഹമ്മദ് നേരിയ ലീഡിലാണ്. ചാന്ദ്നി ചൗക്കില്‍ ആപ്പിന്‍റെ പുനര്‍ദീപ് സിങ്ങ് ഷാനി ബഹുദൂരം മുന്നിലെത്തി. മതിയ മഹല്‍ ആലി മുഹമ്മദ് ഇഖ്ബാല്‍ തുടക്കം മുതല്‍ കൃത്യമായ ലീഡ് പിടിക്കാനായിട്ടുണ്ട്. ബല്ലിമാരനില്‍ ആപ്പിലെ ഇമ്രാന്‍ ഹുസൈന്‍ കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും മുന്നിലാണ്.
Read Also: അടുത്ത ഡൽഹി മുഖ്യമന്ത്രി ആര്? മറുപടിയുമായി ബിജെപി അധ്യക്ഷൻ