കൊല്ലം: പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി വന്ന യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി. പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദനമേറ്റത്. കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്‌ച (മെയ് 7) പുലർച്ചെയാണ് സംഭവം.
പെൺ സുഹൃത്തിനെ കാണാൻ തേവലക്കരയിലെ വീട്ടിലെത്തിയതായിരുന്നു നഹാസ്. ഇവിടെ വച്ച് മണിക്കൂറുകളോളം കെട്ടിയിട്ട് മർദിച്ചുവെന്ന് യുവാവ് പറഞ്ഞു. 20കാരന്‍റെ ശരീരത്തിൽ ഗുരുതര പരിക്കുകൾ ഉണ്ട്. ചെവിക്കുള്ളിൽ തീപ്പെട്ടിക്കൊള്ളി ഉരച്ച് കയറ്റിയതായും തേങ്ങ തുണിയിൽ കെട്ടി മർദിച്ചതായും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ വായിലേക്ക് സോപ്പുവെള്ളം ഒഴിച്ചതായും യുവാവ് പറഞ്ഞു.