കോഴിക്കോട്: വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മാവൂർ കള്ളിവളപ്പിൽ ഷാനിഫ് (27) പാഴൂർ തോറക്കാളി ഷമീർ (28) എന്നിവരാണ് പിടിയിലായത്. മാവൂർ കണിയാത്ത് മൂത്തേടത്ത്കുഴി നാരായണിയമ്മയുടെ സ്വർണമാണ് ഇരുവരും കവരാൻ ശ്രമിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഇരുപത്തിയേഴിനാണ് സംഭവം. വീടിന് സമീപത്തെ റോഡിലൂടെ നാരായണിയമ്മ നടന്ന് പോകുമ്പോൾ ബൈക്കിൽ എത്തിയ ഇരുവരും വയോധികയെ ആക്രമിച്ച് ഇവരുടെ കഴുത്തിലണിഞ്ഞിരുന്ന സ്വർണാഭരണം കവരാൻ ശ്രമിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നാരായണിയമ്മയുടെ കാലിനും മുഖത്തും നെറ്റിയിലും പരിക്കേറ്റിരുന്നു.
കൂടാതെ സ്വർണാഭരണത്തിൻ്റെ കൊളുത്തും ലോക്കറ്റും നഷ്‌ടപ്പെട്ടു. തുടർന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മാവൂർ പൊലീസ് പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിത അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.