കാസർകോട് :പോക്സോ കേസിൽ മൊഴിമാറ്റി പറയണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് പിടികൂടി. അതിജീവിതയുടെ അമ്മയുടെ പരാതിയിൽ പോക്സോ കേസിലെ പ്രതിയുടെ സഹോദരനെ കുമ്പള പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ബംബ്രാണ വയലിലെ വരുൺ രാജ് ഷെട്ടിയെയാണ് കുമ്പള സിഐ വിനോദ് കുമാർ അറസ്റ്റ് ചെയ്‌തത്. 2018-ൽ കുമ്പള പൊലീസ് രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലെ പ്രതിയാണ് വരുൺ രാജിന്‍റെ സഹോദരൻ കിരൺ രാജ്.
സ്ഥിരം കുറ്റവാളിയായ കിരൺ രാജ് കാപ്പ ചുമത്തപ്പെട്ട് ജയിലിലാണ്. ഈ കേസിന്‍റെ വിചാരണ കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടന്നുവരികയാണ്. ഇതിനിടെയാണ് മൊഴി മാറ്റണമെന്ന് പറഞ്ഞ് വരുൺ രാജ് അതിജീവിതയെ ഭീഷണിപ്പെടുത്തിയത്. കേസിൽ സഹോദരന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ അതിജീവിതയേയും കുടുംബത്തെയും കൊല്ലുമെന്നായിരുന്നു ഭീഷണി.