മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍ എറണാകുളം :മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതി കുത്തേറ്റ് മരിച്ചു. സുഹൃത്തായ യുവാവിനെ പൊലീസ് പിടികൂടി. ഞായറാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ദാരുണമായ സംഭവം. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്.
പ്രതി പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽവച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന.
ഈ സമയത്ത് ഇവിടെയെത്തിയ പ്രതി സിംനയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും കുത്തുകയുമായിരുന്നു. നേരത്തെ അയൽവാസികളായിരുന്നു ഇരുവരും. ആക്രമിക്കാന്‍ തക്ക തരത്തില്‍ പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെ കാരണം വ്യക്തമല്ല.
Also Read:ഹാഷിം-അനുജ മരണത്തില്‍ അടിമുടി ദുരൂഹത ; ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ വിദഗ്‌ധ പരിശോധനയ്ക്ക് അയക്കും - Hashim Anuja Death
ആക്രമണത്തിന് പിന്നാലെ ബൈക്കിൽ കയറി രക്ഷപ്പെടാനായിയുന്നു പ്രതി ശ്രമിച്ചത്. എന്നാൽ പിന്നാലെയെത്തിയ പൊലീസ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആക്രമണത്തിനിടെ പ്രതിക്ക് കൈക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.