വയനാട്:സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധ സംഘം വയനാട്ടിലെ ദുരന്ത മേഖലകളില്‍ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ അഞ്ചംഗ സംഘമാണ് ഇന്ന് (ഓഗസ്റ്റ് 13) ഉച്ചവരെ സ്ഥലത്ത് പരിശോധന നടത്തിയത്. മുതിര്‍ന്ന ശാസ്ത്രജ്ഞൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഉരുള്‍പൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായ പരിശോധനക്ക് വിധേയമാക്കി. പ്രദേശത്തെ മണ്ണിൻ്റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചു. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ വിലയിരുത്തുന്ന സംഘം സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.