ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലെ കപൂര്‍ത്തല ഹൗസില്‍ പഞ്ചാബ് എംഎല്‍എമാരുമായി കൂടിക്കാഴ്‌ച നടത്തി. യോഗത്തിന് ശേഷം തങ്ങള്‍ കെജ്‌രിവാളിനൊപ്പം തുടരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ നേതൃത്വത്തിലുള്ള സമാജികര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിരവധി എഎപി സമാജികര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ പാര്‍ട്ടി വിട്ട് തങ്ങളുടെ തട്ടകത്തിലേക്ക് ചേക്കേറിയേക്കുമെന്നുമുള്ള പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വയുടെ അവകാശവാദത്തെ അദ്ദേഹം തള്ളി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധി തങ്ങള്‍ സ്വീകരിക്കുന്നുവെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.
അതേസമയം എഎപിയുടെ ഡല്‍ഹി മാതൃകയിലുള്ള ഭരണത്തെ അദ്ദേഹം പുകഴ്‌ത്തുകയും ചെയ്‌തു. പ്രതാപ് സിങ് ബജ്‌വയുടെ അവകാശവാദങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി ആഞ്ഞടിച്ചു. നിങ്ങള്‍ക്ക് ഡല്‍ഹിയില്‍ എത്ര സമാജികരുണ്ടെന്ന് അദ്ദേഹം ചോദിച്ചു. മിക്ക സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഇവിടെ ക്രമസമാധാന നില ശക്തമാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രമം ആവശ്യമാണ്. അത് തങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബില്‍ വരുന്ന രണ്ട് വര്‍ഷങ്ങളില്‍ എങ്ങനെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാമെന്നും യോഗം ചര്‍ച്ച ചെയ്‌തു. ഇന്ന് നടന്നത് സാധാരണ യോഗം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ കൂടുതല്‍ പരിശ്രമിച്ച് എഎപിയുടെ പ്രവര്‍ത്തനം രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആറേഴ് മാസം കൂടുമ്പോള്‍ പഞ്ചാബില്‍ നിന്ന് ഞങ്ങളെല്ലാവരെയും അരവിന്ദ് കെജ്‌രിവാള്‍ കൂടിക്കാഴ്‌ചയ്ക്ക് വിളിക്കാറുണ്ടെന്ന് എഎപിയുടെ പഞ്ചാബ് സംസ്ഥാന അധ്യക്ഷന്‍ അമന്‍ അറോറ പറഞ്ഞു. പഞ്ചാബില്‍ തങ്ങള്‍ ഡല്‍ഹി മാതൃകയാണ് അനുകരിക്കുന്നത്. തങ്ങളുടെ മാതൃക എങ്ങനെ താഴെത്തട്ടിലെത്തിക്കാമെന്ന കാര്യവും ചര്‍ച്ചയായെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പിലെ വന്‍തോല്‍വിക്ക് പിന്നാലെ പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനായാണ് എഎപി യോഗം ചേര്‍ന്നതെന്നാണ് സൂചന. 70 അംഗ നിയമസഭയില്‍ 48 സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. എഎപിക്ക് കേവലം 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
2020ലെ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകളും എഎപിയാണ് സ്വന്തമാക്കിയത്. ഇക്കുറി ചരിത്രപരമായ ഭൂരിപക്ഷത്തോടെ ബിജെപി 27 കൊല്ലത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
Also Read: പ്രതാപ് ബാജ്വയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആപ് നേതാക്കൾ; അടിയന്തര യോഗം വിളിച്ച് കെജ്‌രിവാൾ