ന്യൂഡല്‍ഹി : വയനാട് ഉരുള്‍പൊട്ടലിന്‍റെ നേര്‍ ചിത്രം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് കെ സി വേണുഗോപാല്‍ എംപി. 'ഇന്നലെ അതിരാവിലെ രാജ്യം ഉണര്‍ന്നത് ഏറ്റവും വലിയ ദുരന്തവാര്‍ത്ത കേട്ടാണ്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കണ്ടത്. മൃതദേഹങ്ങള്‍ പുഴകളിലൂടെ ഒഴുകിപോവുകയാണ്. കൂടുതല്‍ മൃതദേഹങ്ങളും തിരച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്'- എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇതുവരെ 150ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും നൂറുകണക്കിന് മനുഷ്യരെ കണ്ടെത്താനുണ്ട്. അതുകൊണ്ട് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുളള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. ബാധിക്കപ്പെട്ട മനുഷ്യര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കാനുളള നടപടി സ്വീകരിക്കുക. അവരുടെ പുനരധിവാസത്തിന് പരമാവധി സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് എംപി പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലാന്‍ഡ് സ്ലൈഡ്‌ഡ് വാണിങ് 23 ന് ഉരുള്‍പൊട്ടലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും എംപി ചോദിച്ചു. ആളുകളെ മാറ്റാന്‍ എന്തുകൊണ്ട് തയ്യാറായില്ല എന്നും എംപി ചോദിച്ചു.
പ്രകൃതിദുരന്തം നമുക്ക് തടയാന്‍ കഴിയില്ല പക്ഷേ നേരത്തെ അറിയുന്നതു വഴി നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തിലുളള ദുരന്തങ്ങള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത സമയത്ത് നമ്മള്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും എംപി കേന്ദ്രത്തോട് പറഞ്ഞു.
Also Read:'നേരത്തെ മുന്നറിയിപ്പ് നല്‍കി, കേരള സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ല': വയനാട് ദുരന്തത്തില്‍ അമിത് ഷാ