തൃശൂര്‍: ഓരോ ദുരന്തങ്ങളും ഓരോ ഓര്‍മപ്പെടുത്തലുകളാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് വയനാട്ടിലെ ഒരുപ്പറ്റം ജനങ്ങള്‍ക്ക് മേല്‍ വന്നു പതിച്ച ഉരുള്‍ രാജ്യത്തെയാകെയുലച്ചു. പൊടുന്നനെ വന്ന് പതിച്ച ദുരന്തം നൂറുക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നു.
വെള്ളരിപ്പാറയില്‍ നിന്നും തുടങ്ങി നിമിഷ നേരം കൊണ്ട് മുണ്ടക്കൈയും ചൂരല്‍മലയുമെല്ലാം അത് തകര്‍ത്തെറിഞ്ഞു. ദുരന്തത്തിന്‍റെ ഈ വ്യാപ്‌തി മനസിലാക്കാനായി മിനിയേച്ചര്‍ തയ്യാറാക്കിയിരിക്കുകയാണ് ചിത്രക്കാരനായ ഡാവിഞ്ചി സുരേഷ്. 16 അടി നീളത്തിലും നാലടി വീതിയിലുമാണ് ഈ മിനിയേച്ചര്‍ ഒരുക്കിയിരിക്കുന്നത്.
ദുരന്തം തകര്‍ത്ത വെള്ളരിപ്പാറയും പുഞ്ചിമട്ടവും മുണ്ടക്കൈയും ചൂരല്‍മലയുമെല്ലാം ഇതിലുണ്ട്. ദുരന്തമുഖത്തെ ഏഴ് കിലോമീറ്ററുകളിലെ മുഴുവന്‍ കാഴ്‌ചകളും ഇവിടെ കാണാനാകും. ദുരന്തം വന്നു പതിച്ച വെള്ളാര്‍മല സ്‌കൂളും തകര്‍ന്ന ശിവ ക്ഷേത്രത്തിന്‍റെ മുറ്റത്തുണ്ടായിരുന്ന ആല്‍മരവും ദുരന്തത്തിന് പിന്നാലെയെത്തിയ ഹെലികോപ്‌റ്ററുകളും ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.