തൃശൂര്‍: കേരള പൊലീസിനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍. തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഎസ് സുനില്‍ കുമാര്‍.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയാണ്. അതേത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ദേവസ്വം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ അങ്ങനെ ഒരു അന്വേഷണം നടന്നതായി അറിവില്ലെന്ന വാർത്തകളാണ് പൊലീസ് ഹെഡ് കോർട്ടേഴ്‌സിൽ നിന്ന് പുറത്തുവരുന്നത്.
ദേവസ്വം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് മറച്ചുവയ്‌ക്കുകയാണ് ഇപ്പോൾ. അന്വേഷണം നടന്നില്ലെങ്കിൽ എന്തിന് മൊഴി രേഖപ്പെടുത്തണമെന്നും വിഎസ് സുനില്‍കുമാര്‍ ചോദിച്ചു.