തിരുവനന്തപുരം: തലയിൽ പടക്കം എറിഞ്ഞ് വിഴിഞ്ഞം സ്വദേശി ഷൈജുവിനെ (25) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 11,75,000 രൂപ പിഴയും. ഇതിന് പുറമെ സ്ഫോടക വസ്‌തുക്കൾ കൈവശം വച്ചതിന് പത്ത് വർഷം അധിക ശിക്ഷയും വിധിച്ചു.
കൊലപാതകത്തിനും, സ്ഫോടക വസ്‌തുക്കൾ കെവശം വച്ചതിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 2 (a),3 (a), 5 (a) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. എഴാം അഡീ സെഷൻസ് ജഡ്‌ജി പ്രസൂൺ മോഹൻ്റെതാണ് ഉത്തരവ്. വിഴിഞ്ഞം പള്ളിത്തുറ സ്വദേശി എഡ്‌വിൻ (39) ആണ് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി രണ്ടാം പ്രതി അപ്പാച്ചി ബൈജു എന്ന വിനോദ് രാജിന് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
ഒന്നാം പ്രതിക്ക് നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. വായിൽ ബ്ലേഡ് കൊണ്ടു നടക്കുന്ന പ്രതിയെ സുരക്ഷ കാരണത്താൽ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കണം എന്നും, പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ഒന്നാം പ്രതി മയക്കുമരുന്നിന് അടിമയാണെന്നും, ക്രിമിനൽ പശ്ചാത്തലം നിലനിൽക്കുന്നു എന്നും പബ്ലിക് പ്രോസിക്കൂട്ടർ കെ വേണി വാദിച്ചു. എന്നാൽ പ്രതി നിരപരാധിയാണ് പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്ന് പ്രതിഭാഗം വാദിച്ചു.
പത്ത് ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. പിഴത്തുകയിൽ നിന്ന് മരണപ്പെട്ട ഷൈജുവിൻ്റ മാതാപിതാക്കളായ ഡെൻസൺ, ഷെർലി എന്നിവർക്ക് എട്ട് ലക്ഷം രൂപയും സഹോദരങ്ങളായ വിനോദ്, ജെന്നി എന്നിവർക്ക് രണ്ട് ലക്ഷം രൂപയും നഷ്‌ടപരിഹാരമായി നൽകാനും കോടതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചു.