തിരുവനന്തപുരം: വിജിലന്‍സ് ഡയറക്‌ടറായി നിയമിതനായി ഒരാഴ്‌ചയ്ക്കിടെ യോഗേഷ് ഗുപ്‌തയ്‌ക്ക് ഡിജിപിയായി സ്ഥാന കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. വിജിലന്‍സ് ഡയറക്‌ടറായിരുന്ന ടികെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്‌റായിരിക്കെ ഐപിഎസില്‍ നിന്ന് സ്വയം വിരമിച്ച സാഹചര്യത്തിലാണ് ബെവ്‌കോ എംഡിയായിരുന്ന യോഗേഷ് ഗുപ്‌തയെ വിജിലന്‍സ് ഡയറക്‌ടറായി നിയമിച്ചത്. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്‌തയ്‌ക്ക് ഒന്നര വര്‍ഷം മുമ്പ് തന്നെ ഡിജിപി ഗ്രേഡ് ലഭിച്ചിരുന്നെങ്കിലും ഭാവിയിലുണ്ടാകുന്ന ഒഴിവില്‍ അദ്ദേഹത്തിന് ഡിജിപിയായി സ്ഥാന കയറ്റം നല്‍കാന്‍ ഈ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എന്നാല്‍ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ള 4 ഡിജിപി തസ്‌തികകളിലും ഒഴിവുണ്ടായിരുന്നില്ല. ഇതിനിടെയാണ് വിജിലന്‍സ് ഡയറക്‌ടര്‍ ടികെ വിനോദ് കുമാര്‍ ഐപിഎസില്‍ നിന്ന് സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. ഇതോടെ യോഗേഷ് ഗുപ്‌തയ്‌ക്ക് ഡിജിപി പദത്തിലേക്ക് വഴിയൊരുങ്ങി. വിനോദ് കുമാര്‍ വിരമിക്കുന്നതിനെ തുടര്‍ന്ന് ഒഴിവുവന്ന വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനത്തേക്ക് യോഗേഷ് ഗുപ്‌തയെ ഉള്‍പ്പെടെ നിയമിച്ച് പൊലീസ് തലപ്പത്ത് അഴിച്ചു പണി നടത്തി.
ഇതിനിടെയാണ് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനും നിലവില്‍ ബിഎസ്എഫ് ഡയറക്‌ടര്‍ ജനറലുമായ നിതിന്‍ അഗര്‍വാളിനെ കേന്ദ്രം വീണ്ടും സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചത്. ഇതോടെ യോഗേഷ് ഗുപ്‌തയുടെ ഡിജിപി സ്ഥാന കയറ്റം വൈകുന്ന സ്ഥിതിയായി. എന്നാല്‍ ബിഎസ്എഫ് ഡയറക്‌ടര്‍ ജനറല്‍ സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും ഉടനെ കേരളത്തിലേക്കില്ലെന്ന് നിതിന്‍ അഗര്‍വാള്‍ സംസ്ഥാനത്തെ അറിയിച്ചു. ഇതോടെയാണ് യോഗേഷ് ഗുപ്‌തയ്‌ക്ക് ഡിജിപി സ്ഥാന കയറ്റം സാധ്യമായത്. ഇക്കാര്യം സ്ഥിരീകരിച്ച് സംസ്ഥാന പൊതുഭരണ വകുപ്പ് ഇന്ന് ഉത്തരവിറക്കുകയും ചെയ്‌തു.
സംസ്ഥാനത്ത് പൊലീസ് മേധാവിക്ക് പുറമേ ഫയര്‍ഫോഴ്‌സ് മേധാവി കെ പത്മകുമാര്‍, മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപി സഞ്ജീബ് കുമാര്‍ പട്ജോഷി, എന്നിവരാണ് ഡിജിപി റാങ്കിലുള്ളത്. 4 ഡിജിപിമാരെ നിയമിക്കാനാണ് കേന്ദ്രം അംഗീകാരം നല്‍കിയിട്ടുള്ളത്. യോഗേഷ് ഗുപ്‌തയെ കൂടി നിയമിച്ചതോടെ ഡിജിപി തസ്‌തികയില്‍ 4 ഐപിഎസ് ഉദ്യോഗസ്ഥരായി. ഇതില്‍ സഞ്ജീബ് കുമാര്‍ പട്ജോഷി അടുത്തവര്‍ഷം ജനുവരിയില്‍ വിരമിക്കും. യോഗേഷ് ഗുപ്‌ത നേരത്തെ വഹിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയായി ഐജി ഹര്‍ഷിത അട്ടല്ലൂരി ചുമതലയേറ്റു.
Also Read:വിജിലന്‍സ് തലപ്പത്തേക്ക് ആര്? പരിഗണനയില്‍ യോഗേഷ് ഗുപ്‌തയും കെ പത്മകുമാറും