ഹൈദരാബാദ്: ടാറ്റ ടിയാഗോയുടെ പുതുക്കിയ പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്. പുതുക്കിയ മോഡലിന്‍റെ ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരാനിരിക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കാനാണ് സാധ്യത. പുതുക്കിയ ഹാച്ച്ബാക്കിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ചിത്രം സഹിതം കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ.
പുതുക്കിയ ടാറ്റ ടിയാഗോയുടെ വില ജനുവരി 17ന് ആരംഭിക്കുന്ന 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ടാറ്റ ടിയാഗോയുടെ ഐസിഇ പതിപ്പിന് 4.99 ലക്ഷം രൂപ മുതലാണ് പ്രാരംഭവില (എക്‌സ്‌ഷോറൂം). ഇലക്ട്രിക് പതിപ്പിന് 7.99 ലക്ഷം രൂപ മുതലായിരിക്കും വില. സിഎൻജി പതിപ്പിന് 5.99 ലക്ഷം രൂപയാണ് പ്രാരംഭവില.
പുതുക്കിയ ടാറ്റ ടിയാഗോയുടെ ഡിസൈനിലും മെക്കാനിക്കൽ സവിശേഷതകളിലും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് കമ്പനിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വ്യക്തമാക്കുന്നത്. അതേസമയം മുൻമോഡലുകളിൽ നിന്നും ഫീച്ചർ അപ്‌ഡേറ്റുകളുമായി പുതുക്കിയ മോഡൽ വിപണിയിലെത്താനാണ് സാധ്യത. പുതുക്കിയ ടാറ്റ ടിയാഗോയുടെ വില മുൻ മോഡലുകളുമായി വലിയ വ്യത്യാസമില്ല. മാരുതി സുസുക്കി ആൾട്ടോ, റെനോ ക്വിഡ്, ഹ്യുണ്ടായ് ഗ്രാൻഡ് i10 NIOS എന്നീ മോഡലുകളുമായാകും വരാനിരിക്കുന്ന 2025 ടാറ്റ ടിയാഗോ വിപണിയിൽ മത്സരിക്കുക.
മുൻമോഡലിൽ നിന്നും വലിയ തോതിൽ വില വർധിക്കാത്തതിനാൽ തന്നെ സുഖപ്രദവും സുരക്ഷയോടുകൂടിയതുമായ യാത്ര വാഗ്‌ദാനം ചെയ്യുന്ന ഹാച്ച്‌ബാക്ക് ആയിരിക്കും പുതുക്കിയ ടാറ്റ ടിയോഗോ.
എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം?
ടാറ്റ മോട്ടോഴ്‌സിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് പരിശോധിക്കുമ്പോൾ, ടാറ്റ ടിയാഗോയുടെ പുതുക്കിയ ഹാച്ച്ബാക്കിന്‍റെ ബാഹ്യ ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നും കാണുന്നില്ല. എന്നാൽ ഇന്‍റീരിയറിൽ മാറ്റങ്ങൾ വരുത്താനാണ് സാധ്യത. കൂടാതെ ഫീച്ചർ അപ്‌ഡേറ്റുകളും പ്രതീക്ഷിക്കാം. കാറിൻ്റെ ഇൻ്റീരിയറിന് പുതിയ കളർ സ്‌കീം ലഭിക്കാനും സ്റ്റാൻഡേർഡായി പുതിയ മെലാഞ്ച് ഫാബ്രിക് അപ്ഹോൾസ്റ്ററി ലഭിക്കാനും സാധ്യതയുണ്ട്.
ഓട്ടോ ക്ലൈമറ്റ് കൺട്രോളും ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളും പുതുക്കിയ മോഡലിൽ പ്രതീക്ഷിക്കാം. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പ്രകാശത്തോടുകൂടിയ സ്‌മാർട്ട് സ്റ്റിയറിങ് വീൽ തുടങ്ങിയവയാണ് പ്രതീക്ഷിക്കാവുന്ന മറ്റ് ഫീച്ചറുകൾ.
ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം മൂന്ന് ഓപ്ഷനുകളിൽ ലഭ്യമാകുമെന്നാണ് പറയപ്പെടുന്നത്. ടിയാഗോയുടെ പുതുക്കിയ പതിപ്പിൽ ടോപ്പ്-സ്പെക്ക് മോഡലുകൾക്ക് 10.25 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീനും ഫീച്ചർ വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ലഭിക്കും. കൂടാതെ സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, ഹിൽ-ഹോൾഡ് കൺട്രോൾ, TPMS, പിൻവശത്തെ പാർക്കിങ് ക്യാമറ എന്നിവയും ഫീച്ചർ ചെയ്യും.
പുതുക്കിയ മോഡലിന്‍റെ എഞ്ചിൻ മുൻമോഡലിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 84 ബിഎച്ച്‌പി പരമാവധി പവറും 113 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 1.2 ലിറ്റർ റെവോട്രോൺ എഞ്ചിനാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. അതേസമയം സിഎൻജി വേരിയൻ്റിന് 72 ബിഎച്ച്‌പിയും 95 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനായിരിക്കും.
Also Read:
- 40 വർഷത്തിന് ശേഷം മാരുതിക്ക് ഒന്നാം സ്ഥാനം നഷ്‌ട്ടമായി: 2024ൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാർ ഏത്?
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ