എറണാകുളം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം അതിതീവ്ര ദുരന്തമായി അംഗീകരിച്ച പശ്ചാത്തലത്തില്‍ ദുരന്തനിവാരണ ഫണ്ട് വിനിയോഗ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ അടിയന്തിരമായി ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വയനാട് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തനിവാരണ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച വിവരം കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. കൂടാതെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ അടിയന്തിരമായി ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും ഇതിന് മന്ത്രിസഭ യോഗം അനുമതി നൽകിയതായും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടി. അതിനിടെ ദുരന്ത ബാധിതരുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ പുനരധിവാസ തീരുമാനമെടുത്തതെന്ന് ഹര്‍ജികളില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ പ്രദേശവാസി അറിയിച്ചെങ്കിലും പുനരധിവാസ നടപടികളില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ അമിക്കസ് ക്യൂറിയെ അറിയിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തുടർന്ന് വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഈ മാസം 16 ലേക്ക് മാറ്റി.