എറണാകുളം : പൊതു ഇടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോഴായിരുന്നു ഹൈക്കോടതി പരാമർശം. പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.
കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടില്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ അറിയിച്ചു. നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡി അപേക്ഷ പോലും പൊലീസ് നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ തുടരേണ്ട സാഹചര്യം ഇല്ലെന്നുമാണ് ജാമ്യഹർജിയിൽ ഉളളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ട്. കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂരിനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്. നിരപരാധിയാണെന്നും അറസ്റ്റ് നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു.
പരാതിക്കാരി തന്‍റെ മൂന്ന് ഷോപ്പുകൾ ഉദ്ഘാടനം ചെയ്‌തിട്ടുണ്ട്. ദീർഘകാലത്തെ പരിചയവും ബന്ധവും ഉണ്ട്. പരാതിക്കാരി തന്നെ മാധ്യമങ്ങളിലൂടെ വേട്ടയാടുകയാണ്, പരാതി നൽകും മുന്‍പേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നും ജാമ്യ ഹർജിയിൽ വാദമുണ്ട്. ജാമ്യ ഹർജിയിൽ പൊലീസിന്‍റെ വിശദീകരണം തേടിയ ഹൈക്കോടതി ഹർജി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.
Also Read: ബോബി ജയിലിൽ തന്നെ; ജാമ്യാപേക്ഷ ചൊവ്വാഴ്‌ചത്തേക്ക് മാറ്റി