വയനാട്: വയനാട് ഡിസിസി ട്രഷറർ എന്‍എം വിജയൻ്റെയും മകൻ്റെയും മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുടെ അറസ്റ്റ് ജനുവരി 15 വരെ തടഞ്ഞു. ഐസി ബാലകൃഷ്‌ണന്‍ എംഎല്‍എയുടെയും എന്‍ഡി അപ്പച്ചൻ്റെയും, കെകെ ഗോപിനാഥൻ്റേയും അറസ്റ്റാണ് കോടതി തടഞ്ഞത്. 15-ാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് പൊലീസിന് വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നിര്‍ദേശം നൽകിയത്. ജനുവരി 15ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട പ്രതികള്‍, പൊലീസ് പിടിയിലാകും മുൻപ് ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഐസി ബാലകൃഷ്‌ണനും എന്‍ഡി അപ്പച്ചനും പുറമേ, മുന്‍ കോണ്‍ഗ്രസ് നേതാക്കളായ കെകെ ഗോപിനാഥന്‍, മരിച്ചു പോയ പിവി ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
![Police Not To Arrest MLA NM Vijayan and his son death ഡിസിസി ട്രഷറർ എന്‍എം വിജയൻ ബത്തേരി അർബൻ ബാങ്ക്](https://etvbharatimages.akamaized.net/etvbharat/prod-images/10-01-2025/23296210_docu.jpeg)
![Police Not To Arrest MLA NM Vijayan and his son death ഡിസിസി ട്രഷറർ എന്‍എം വിജയൻ ബത്തേരി അർബൻ ബാങ്ക്](https://etvbharatimages.akamaized.net/etvbharat/prod-images/10-01-2025/23296210_docu1.jpeg)
അർബൻ ബാങ്കിലെ നിയമനത്തിനായി ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ശുപാർശ കത്ത് പുറത്ത്
ബത്തേരി അർബൻ ബാങ്കിൽ ഉദ്യോഗാർഥിയുടെ നിയമനത്തിനായി ഐസി ബാലകൃഷ്‌ണൻ എംഎൽഎ ശുപാർശ നൽകിയ കത്തിനെതിരെ പരാതിയുമായി സിപിഎം. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സുരേഷ് താളൂരാണ് ബത്തേരി ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. ഉദ്യോഗാർഥിയുടെ നിയമനത്തിനായി ഔദ്യോഗിക ലെറ്റർ ഹെഡ് ഉപയോഗിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
എംഎൽഎക്ക് താൽപര്യമുള്ള വ്യക്തിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തതു കൊണ്ടാണ് തൻ്റെ മകൻ ജിജേഷിന് അർബൻ ബാങ്കിലെ ജോലി നഷ്‌ടപ്പെട്ടത് എന്ന് മരിച്ച എന്‍എം വിജയൻ്റെ കത്തിൽ എഴുതിയിരുന്നു. അർബൻ ബാങ്കിലെ നിയമനത്തിലും ഉയർന്നു വന്ന കോഴ ആരോപണത്തിലും ഐസിയുടെ പങ്ക് വ്യക്തമാകുന്നതാണ് ഈ നിയമന ശുപാർശയെന്നും കർശന നിയമ നടപടി സ്വീകരിക്കണമെന്നും സുരേഷ് താളൂരിൻ്റെ പരാതിയിൽ പറയുന്നു.