വിഡി സതീശൻ മാധ്യമങ്ങളോട് (ETV Bharat) എറണാകുളം: ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പരാതി കൊടുത്താൽ അന്വേഷിക്കാം എന്ന സർക്കാർ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആരോപണ വിധേയരെയും ഇരകളെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്താനാണ് സർക്കാർ ശ്രമം.
അത് പാടില്ല എന്നാണ് കോൺഗ്രസും ഡബ്യൂസിസിയും പറയുന്നത്. മൊഴികളും തെളിവുകളും പെൻഡ്രൈവിൽ സർക്കാരിൻ്റ കൈയ്യിലുണ്ട്. സർക്കാർ ഒരു നടപടിയുമെടുത്തില്ല.
ബിഎൻഎസ് 199 മുഖ്യമന്ത്രി ഒന്നെടുത്ത് വായിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ അറിഞ്ഞാൽ തന്നെ കേസെടുക്കണം എന്നാണ് നിയമം പറയുന്നത്. ഇത് മറച്ചുവെച്ചത് കുറ്റകരമായ, അപകടകരമായ കാര്യമാണ്. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
റിപ്പോർട്ട് ഒരിക്കലും പുറത്തു വിടരുതെന്ന് ജസ്‌റ്റിസ് ഹേമ പറഞ്ഞു എന്നാക്കി മാറ്റുകയായിരുന്നു സർക്കാർ. റിപ്പോർട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ ക്രിമിനൽ കുറ്റമാണ് സർക്കാർ നടത്തിയത്. സിനിമയിലെ എല്ലാവരും കുഴപ്പക്കാർ ഒന്നുമല്ല.
നിയമപരമായും ധാർമികമായും സർക്കാർ ചെയ്‌തത് തെറ്റാണ്. പൊലീസ് ഇതിൽ കേസെടുത്തു അന്വേഷിക്കേണ്ടതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണ വിധേയരെ ഉൾപ്പെടുത്തി കോൺക്ലെവ് നടത്തിയാൽ കോൺഗ്രസ് അത് തടയും.
മന്ത്രി ഗണേഷ് കുമാർ കുറ്റക്കാരനാണോ എന്ന് സർക്കാർ പരിശോധിക്കണം. സ്‌ത്രീപക്ഷ നിലപാടാണ് കോൺഗ്രസിനുള്ളത്. ആളുകളുടെ വലിപ്പച്ചെറുപ്പമല്ല നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Also Read:'റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്‌റ്റിസ് ഹേമ ആവശ്യപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പച്ചക്കള്ളം, നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്‌ത്തിവെച്ചത് ക്രിമിനല്‍കുറ്റം'; വിഡി സതീശൻ