കോഴിക്കോട്:രാജ്യത്തിന് വൻ തോതിൽ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്‌പ്പന്ന കയറ്റുമതിക്ക് അമേരിക്ക കടിഞ്ഞാണിടുന്നു. കടൽ സസ്‌തനികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന 'മറൈൻ മാമൽ പ്രൊട്ടക്ഷൻ' നിയമം യുഎസ് കർശനമാക്കുകയാണ്. സസ്‌തനികൾക്ക് ഭീഷണിയാകുന്ന രീതിയിലാണ് ഇന്ത്യയിൽ മത്സ്യബന്ധനം നടക്കുന്നതെന്നും ഇത് അവയുടെ വംശനാശത്തിന് കാരണമാകുന്നു എന്നുമാണ് കണ്ടെത്തൽ.
2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. ഇതിന് മുമ്പ് ഇന്ത്യയിലെ കടൽ സസ്‌തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്ക് ഭീഷണിയാകില്ലെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ തിരിച്ചടിയാകും സമുദ്രോത്‌പ്പന്ന കയറ്റുമതി മേഖല നേരിടുക. ഇന്ത്യൻ കടലുകളിൽ തിമിംഗലം ഉൾപ്പെടെ കടൽ സസ്‌തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ രേഖപ്പെടുത്താനും ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ വിഭാഗവും (സിഎംഎഫ്ആർഐ) സർവേ നടത്തിവരികയാണ്.
കടലാമ സംരക്ഷണത്തിന്റെ പേരിൽ മാത്രം അമേരിക്ക ചെമ്മീൻ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെമ്മീൻ പിടിക്കാൻ ട്രോൾ ബോട്ടുകളിൽ ഉപയോഗിക്കുന്ന വലകളിൽ കടലാമകളെ രക്ഷിക്കുന്ന ടിഇഡി (ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്) ഘടിപ്പിക്കാത്തത് മൂലം കടലാമകൾക്ക് വംശനാശം സംഭവിക്കുന്നു എന്ന പേരിലായിരുന്നു നിരോധനം. ഇതേ തുടർന്ന് സമുദ്രോത്‌പ്പന്ന കയറ്റുമതി വ്യവസായം നേരിടുന്ന പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കടൽ ചെമ്മീൻ കയറ്റുമതിക്ക് യുഎസിന്‍റെ ഉപരോധം ഏർപ്പെടുത്തിയിട്ട് അഞ്ച് വർഷമായി.
നിലവിൽ ട്യൂണ, തിലാപ്പിയ, ഞണ്ട്, കൊഞ്ച്, നീരാളി, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവയാണ് കയറ്റി അയയ്ക്കുന്നത്. കടലാമയുടെ സംരക്ഷണ വിഷയം ചെമ്മീൻ കയറ്റുമതിയെ മാത്രമാണ് ബാധിച്ചത്. എന്നാൽ കടൽ സസ്‌തനികളുടെ സംരക്ഷണ വിഷയം സമുദ്രോത്‌പ്പന്ന കയറ്റുമതി മേഖലയെ ആകെ ബാധിക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ഈ മേഖല തകരുമെന്ന് സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എംആർ പ്രേമചന്ദ്ര ഭട്ട് ഇടിവി ഭാരതിനോട് പറഞ്ഞു.