കോഴിക്കോട്: കോഴിക്കോടിനെ സാഹിത്യ നഗരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോഴും വിവാദത്തിന് തിരികൊളുത്തി പ്രതിപക്ഷം. എസ്കെ പൊറ്റക്കാടും ബഷീറും ജീവിച്ചിരുന്ന നഗരം. എംടി വാസുദേവന്‍ നായർ ജീവിക്കുന്ന നാട്. സാഹിത്യപ്രേമികളുടെ പറുദീസ. വിശേഷണങ്ങള്‍ ധാരാളമുള്ള കോഴിക്കോടിനെ മന്ത്രി എംബി രാജേഷാണ് ഔദ്യോഗികമായി സാഹിത്യ നഗരമായി പ്രഖ്യാപിച്ചത്.
യുനെസ്കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എംടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി നടത്തിയ വിമർശനം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നാണ് യുഡിഎഫ് ആരോപണം.
എന്നാൽ ദിവസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രി അസൗകര്യം അറിയിച്ചിരുന്നുവെന്നും മറ്റ് വ്യാഖ്യാനങ്ങൾ തെറ്റാണെന്നും കോർപ്പറേഷൻ വിശദീകരിച്ചു. യുനെസ്കോയുടെ സാഹിത്യ നഗര പട്ടികയിൽ രാജ്യത്ത് ആദ്യമായി ഇടംപിടിക്കുന്ന നഗരമെന്ന നേട്ടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഈ അംഗീകാരത്തിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി തന്നെ നിർവഹിക്കണം എന്നായിരുന്നു സിപിഎം നേതൃത്വത്തിലുള്ള കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതിയുടെ തീരുമാനം.
മുഖ്യമന്ത്രിയുടെ തീയതി കാത്ത് മാസങ്ങളോളം ചടങ്ങ് നീട്ടി വച്ചിരുന്നു. ഒടുവിൽ മുഖ്യമന്ത്രിയുടെ സമയം കിട്ടിയതനുസരിച്ച് ജൂൺ 22ന് പരിപാടി നിശ്ചയിക്കുകയും ചെയ്‌തു. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനവും ഇതേ ദിവസം ആയതിനാൽ അടുത്തടുത്ത സമയമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നിശ്ചയിച്ചു നൽകിയത്. മൂന്ന് മണിക്ക് സാഹിത്യ നഗര പ്രഖ്യാപനവും 4.30 ന് എംജിഒ യൂണിയൻ സമ്മേളന ഉദ്ഘാടനവും നിശ്ചയിച്ചു.
എന്നാൽ നാല് ദിവസം മുൻപാണ് സാഹിത്യ നഗര പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല എന്ന അറിയിപ്പ് വന്നത്. ഇത് എംടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്ക് മറ്റു ചില പരിപാടികൾ ഉള്ളതിനാൽ കോഴിക്കോട് എത്താൻ വൈകും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പിന്മാറ്റത്തെകുറിച്ച് മേയർ വിശദീകരിച്ചത്.