കോഴിക്കോട്: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലെ ദുരന്ത ബാധിതർക്കായി കൽപ്പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്‍റെ നവീകരിച്ച ഗുണഭോക്തൃ പട്ടികയുടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ട പട്ടികയിൽ 242 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്. ചൂരൽമല വാർഡിലെ 108 പേരും അട്ടമല വാർഡിലെ 51 പേരും മുണ്ടക്കൈ വാർഡിലെ 83 പേരുമാണ് ഗുണഭോക്താക്കൾ.
കഴിഞ്ഞ ദിവസം ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്. മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ ദുരന്ത മേഖലയിലെ നാശനഷ്‌ടം സംഭവിക്കാത്ത വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം കാരണം ഒറ്റപ്പെട്ട വീടുകൾ എന്നിവ ഉൾപ്പെടുത്തുമെന്നാണ് വിശദീകരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അന്തിമ ലിസ്റ്റിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൽ സമർപ്പിക്കാമെന്ന് ഡിഡിഎംഎ ചെയർപേഴ്‌സൺ കൂടിയായ ജില്ല കലക്‌ടര്‍ മേഘശ്രീ ഐഎഎസ് വ്യക്തമാക്കി. ഗുണഭോക്താക്കളുടെ ലിസ്റ്റ് കലക്‌ടറേറ്റ്, മാനന്തവാടി ആർഡിഒ ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റേയും ജില്ലാ ഭരണകൂടത്തിന്‍റെയും വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ദുരന്തത്തിൽ നാശനഷ്‌ടം സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് വേറെ എവിടെയെങ്കിലും താമസയോഗ്യമായ വീട് ഇല്ലെങ്കിൽ മാത്രമാണ് പുനരധിവാസത്തിന് അർഹത. മറ്റ് എവിടെയെങ്കിലും വീടുണ്ടെങ്കിൽ വീടുകളുടെ നാശനഷ്‌ടത്തിന് 4 ലക്ഷം രൂപ നഷ്‌ട പരിഹാരം നിലവിലെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അനുവദിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു.
Also Read: വയനാട് പുനരധിവാസം; ഭൂമിയുടെ മേല്‍ത്തട്ടിലെ പരിശോധന പൂര്‍ണം; സർവേ റിപ്പോർട്ട് സർക്കാരിലേക്ക്