തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. തന്‍റെ വോട്ടർ ഐഡി കാർഡിന്‍റെ അതേ നമ്പറിൽ മറ്റൊരു വോട്ടർ ഐഡി കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാൻ കഴിയാത്തതെന്ന് കെ എം എബ്രഹാം ഇടിവി ഭാരതിനോട് പറഞ്ഞു.
സംഭവത്തിൽ ഭരണാധികാരി കൂടിയായ ജില്ലാ കളക്‌ടർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. പൂജപ്പുര എൽപി സ്‌കൂളിലെ ബൂത്ത് നമ്പർ 41 ലാണ് കെ എം എബ്രഹാം വോട്ട് ചെയ്യാനെത്തിയത്. തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ടർ ഐഡി കാർഡ് നൽകി. അവർ വോട്ടർ ഐഡി കാർഡ് നമ്പർ സെർച്ച് ചെയ്‌ത് നോക്കിയപ്പോഴാണ് ഇതേ നമ്പറിൽ മറ്റൊരു സ്ത്രീയുടെ പേരും വോട്ടേഴ്‌സ് ലിസ്‌റ്റിൽ ഉള്‍പ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.