തിരുവനന്തപുരം :ടിപ്പര്‍ ലോറികളുടെ അമിത വേഗതയും മരണപ്പാച്ചിലും അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിർദേശം പാലിക്കാത്ത മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടി വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ടിപ്പർ ലോറികളുടെ അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ മെയ് 2ന് മന്ത്രി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിർദേശം യോഗത്തിൽ മന്ത്രി തന്നെ നേരിട്ട് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ഗൗരവപൂര്‍വമായ നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇപ്പോൾ വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ടിപ്പര്‍ ലോറിയിടിച്ച് സ്‌ത്രീ മരണപ്പെട്ട സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.