തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിനാല്‍ ഈ സര്‍ക്കാര്‍ നടത്തുന്ന ഒരു തരത്തിലുള്ള അന്വേഷണവും അംഗീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ
തൃശൂര്‍ പൂരം കലക്കല്‍ എന്നത് പ്രതിപക്ഷം സൃഷ്‌ടിച്ച പുകമറയാണെന്നു പറയുന്ന മന്ത്രി എം ബി രാജേഷിനോട് ചോദിക്കാനുള്ളത് ഒരു പുകമറയില്‍ എന്തിനാണ് സര്‍ക്കാര്‍ ത്രിതല അന്വേഷണം നടത്തുന്നതെന്നാണ്. പ്രതിപക്ഷം ഉണ്ടാക്കുന്ന പുകമറയില്‍ എന്തിനാണ് സര്‍ക്കാരിന്‍റെ ത്രിതല അന്വേഷണം. തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി ബാലചന്ദ്രന്‍ പറയുന്നത് പൂരം കലക്കിയതാണെന്നാണ്. സാധാരണ നടക്കുന്നതു പോലെയായിരുന്നോ ഇത്തവണ പൂരം നടന്നത്. അല്ല, പൂരം കലക്കി. മൂന്നു ദിവസം മുന്‍പേ പൊലീസിന് ഒരു പ്ലാന്‍ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രിക്കറിയാമല്ലോ. അങ്ങനെ ഒരു പ്ലാനുമായി സിറ്റി പൊലീസ് കമ്മിഷണര്‍ എഡിജിപി വിളിച്ച യോഗത്തില്‍ മൂന്നു ദിവസം മുന്‍പ് പോയി. എന്നാല്‍ അതിനു പകരം ഒരു പുതിയ പ്ലാന്‍ എഡിജിപി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കി. ഈ പ്ലാന്‍ നടപ്പാക്കിയാല്‍ മതിയെന്നു പറയുന്നു. ആ പ്ലാന്‍ പൂരം നന്നാക്കാനുള്ള പ്ലാനായിരുന്നോ പൂരം കലക്കാനുള്ള പ്ലാനായിരുന്നോ എന്നതാണ് കാര്യം.
വെടിക്കെട്ടിന്‍റെയല്ല പ്രശ്‌നം, രാവിലെ 11ന് മഠത്തില്‍ വരവ് മുതല്‍ പ്രശ്‌നം തുടങ്ങി. കണിമംഗലം ശാസ്‌താവിന്‍റെ എഴുന്നള്ളിപ്പ് ചെല്ലുമ്പോള്‍ റൗണ്ട്‌സിനു ചുറ്റും വാഹനങ്ങളായിരുന്നു. ഒരിക്കലും ഇവിടെ ഈ സമയത്ത് വാഹനങ്ങളുണ്ടാകാറില്ല. പ്രൈവറ്റ് ബസു വരെ റൗണ്ട്‌സ് വഴി ഓടിക്കൊണ്ടിരിക്കുന്നു. വല്ലാതെ പ്രയാസപ്പെട്ടാണ് കണിമംഗലം ശാസ്‌താവ് അകത്തു പ്രവേശിച്ചത്. വൈകിട്ട് 5 ന് തെക്കോട്ടിറക്കം പ്രശ്‌നമായിരുന്നു. വെളുപ്പിനു നടക്കുന്ന വെടിക്കെട്ടിന് രാത്രി 8 മണിക്ക് ആളുകള്‍ക്ക് സഞ്ചരിക്കാനാകാത്ത വിധം എല്ലാ എന്‍ട്രികളും ബാരിക്കേഡ് വച്ചു തടഞ്ഞു. ആളുകളുടെ സഞ്ചാരം തടസപ്പെട്ടതോടെ പൂരം കാണാനെത്തിയവര്‍ ബഹളം തുടങ്ങി.
മനപൂര്‍വ്വം രാത്രി എല്ലാ എന്‍ട്രികളും ബാരിക്കേഡുവച്ചു തടഞ്ഞു. മൂന്നു സ്ഥലത്ത് പൂരം കാണാനെത്തിയ സാധാരണക്കാരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്‌തു. ദേവസ്വം ഉദ്യോഗസ്ഥരെ പൊലീസ് തള്ളിമാറ്റി. ജനപ്രതിനിധികളോട് പൊലീസ് മോശമായി പെരുമാറി. ആനയ്ക്ക് പട്ട കൊണ്ടു പോയവരെ തടുത്തു. കുടമാറ്റത്തിനുള്ള കുട കൊണ്ടു പോയവരെ തടഞ്ഞു. ദേവസ്വം ഉദ്യോഗസ്ഥരെ തടഞ്ഞു. പൂര ദിവസം രാവിലെ മുതല്‍ പിറ്റേ ദിവസം രാവിലെ വരെ പൊലീസ് അഴിഞ്ഞാടി.
അത് തെളിവു സഹിതം ബോധ്യമായപ്പോള്‍ സര്‍ക്കാര്‍ കമ്മിഷണറെ മാറ്റി. അവിടെയാണ് പ്രധാന പ്രശ്‌നം. ഇവിടെ കമ്മിഷണര്‍ മാത്രമാണോ ഉണ്ടായിരുന്നത്. അതിനു മേലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാര്‍ അവിടെയുണ്ടായിരുന്നു. കമ്മിഷണര്‍ അഴിഞ്ഞാടിയെങ്കില്‍ ഏതെങ്കിലും സമയത്ത് ഈ എഡിജിപി അവിടെ ഇടപെട്ടോ. പൂരം കലക്കാനുള്ള ബ്ലൂ പ്രിന്‍റ് തയ്യാറാക്കിയ എഡിജിപി എങ്ങനെ ഈ പ്രശ്‌നത്തില്‍ ഇടപെടും. എന്നിട്ടും എഡിജിപിയോടു സര്‍ക്കാര്‍ ചോദിച്ചില്ല. പട്ടില്‍ പൊതിഞ്ഞ ഒരു ശകാരം പോലും സർക്കാര്‍ എഡിജിപിക്കു നല്‍കിയില്ല. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതറിഞ്ഞില്ല.
വിവരം കിട്ടിയില്ലെങ്കില്‍ ആ ഇന്‍റലിജന്‍സ് അങ്ങു പിരിച്ചു വിടുന്നതാണ് നല്ലത്. ഇത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന കാര്യം വിശ്വാസിക്കാന്‍ കഴിയില്ല. ഇത്രയും സംഭവങ്ങളുണ്ടായിട്ട് കമ്മിഷണറെയോ എഡിജിപിയെയോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരെങ്കിലും വിളിച്ചോ. അവിടെയാണ് ഒരു ഗൂഢാലോചന സംശയിക്കേണ്ടത്. കണിമംഗംലം ശാസ്‌താവിന്‍റെ എഴുന്നള്ളത്തും മഠത്തില്‍ വരവുമൊക്കെ തടസപ്പെട്ടപ്പോള്‍ വേറൊരെഴുന്നള്ളിപ്പ് അതാ സേവാ ഭാരതി ആംബുലന്‍സില്‍ വരുന്നു.