പാൻ്റിട്ട് മാത്രം മോഷണം, 30 ഓളം കേസുകളിൽ പ്രതി; എക്‌സിക്യൂട്ടീവ് കള്ളനെ തന്ത്രപൂർവം വലയിലാക്കി പൊലീസ് - POLICE ARRESTED ACCUSED IN THEFT
![പാൻ്റിട്ട് മാത്രം മോഷണം, 30 ഓളം കേസുകളിൽ പ്രതി; എക്‌സിക്യൂട്ടീവ് കള്ളനെ തന്ത്രപൂർവം വലയിലാക്കി പൊലീസ് THE POLICE HAVE ARRESTED ACCUSED എക്‌സിക്യൂടിവ് കള്ളൻ തുളസീധരൻ മോഷണക്കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/22-11-2024/1200-675-22956381-thumbnail-16x9-police.jpeg)
പത്തനംതിട്ട: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. അടുർ പറക്കോട് സ്വദേശി തുളസീധരൻ(45) ആണ് പന്തളം ഏനാത്ത് പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പന്തളം കുരമ്പാല സ്വദേശി അനീഷിൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറിലധികം റബർഷീറ്റുകളും ആക്‌ടീവ സ്‌കൂട്ടറും മോഷ്‌ടിച്ച കേസിലാണ് ഇപ്പോൾ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം. പിറ്റേന്ന് പുലർച്ചെ 5 മണിക്കാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. ഉടൻ തന്നെ പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കള്ളനെ പിടികൂടിയതിങ്ങനെ
പന്തളം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് വ്യാപകമായ അന്വേഷണം നടത്തി. ഈ രീതിയിൽ സ്ഥിരമായി മോഷണം നടത്തുന്നവരെ നിരീക്ഷിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്‌തു. ഇതിൽ നിന്നും മോഷ്‌ടാവ് തുളസിയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഓരോ മോഷണത്തിന് ശേഷവും പൊലീസ് തിരിച്ചറിയുന്ന സാഹചര്യമുണ്ടായാൽ താമസിക്കുന്ന വാടകവീട് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് താമസം മാറുന്നതാണ് തുളസിയുടെ പതിവ്.
മോഷണ സമയത്ത് പാൻ്റാണ് വേഷം. ഷർട്ട് ഇൻ ചെയ്‌താവും നടപ്പ്. മോഷ്‌ടാവ് ചുനക്കരയിൽ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ച പൊലീസ് ആ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്‌ത നിരീക്ഷണം നടത്തി. എന്നാൽ തുളസി വിദഗ്‌ധമായി ഇവിടെ നിന്നും കടന്നുകളഞ്ഞു. ചുനക്കരയിൽ പൊലീസ് നിരീക്ഷണം നടത്തുന്നതായി മനസിലാക്കിയ തുളസി പത്തനാപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോഷ്‌ടിച്ച റബർഷീറ്റ് കിളിമാനുരിലെ റബർ കടയിൽ വിറ്റ ശേഷം തിരികെ വരുമ്പോൾ സ്‌കൂട്ടർ കേടായി. തുടർന്ന് വർക്‌ഷോപ്പിൽ എത്തിച്ച് റിപ്പയർ ചെയ്‌ത ശേഷം യാത്ര തുടരുന്നതിനിടെ ഏനാത്ത് പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. കിളിമാനൂരിലെ റബ്ബർ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പന്തളം, അടൂർ, കൊടുമൺ, നൂറനാട്, കിളിമാനൂർ പൊലീസ് സ്‌റ്റേഷനുകളിലും തുളസിക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിൻ്റെ നിർദേശ പ്രകാരം പന്തളം എസ്‌എച്ച് ടിഡി പ്രജീഷ്, ഏനാത്ത് എസ്‌എച്ച് അമ്യത് സിംഗ് നായകം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.