പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി സ്വാമി ചാറ്റ് ബോട്ട് എന്ന എഐ അസിസ്റ്റൻ്റ്. എഐ സംവിധാനത്തിലൂടെ ഭക്തർക്ക് തത്സമയ വിവരണങ്ങളും സുരക്ഷ നടപടികളും അറിയാൻ സാധിക്കും. വാട്‌സ്‌ആപ്പിലൂടെയാണ് സ്വാമി ചാറ്റ് ബോട്ടിൻ്റെ സേവനം ലഭ്യമാകുന്നത്.
6238008000 എന്ന നമ്പരിൽ ഫോണിലെ വാട്‌സ്ആപ്പിലൂടെ സംവിധാനം ഉപയോഗിക്കാം. വാട്‌സ്‌ആപ്പിൽ ഈ നമ്പരിലേക്ക് ഒരു 'ഹായ്' അയച്ചാൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ആറ് ഭാഷകളിൽ വിവരങ്ങൾ അറിയാന്‍ സാധിക്കും.
എഐ ചാറ്റ് ബോട്ട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ക്ഷേത്രത്തിലെ പൂജാ സമയങ്ങൾ, നടതുറപ്പ്, പ്രസാദം അടുത്തുള്ള ക്ഷേത്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഭക്തർക്ക് ഇതിലൂടെ അറിയാനാകും. പമ്പ,സന്നിധാനം എന്നിവിടങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ വില വിവര പട്ടിക മുതൽ വിമാനത്താവളങ്ങളിലേയ്ക്കുള്ള ഗൂഗിൾ മാപ്പ് വരെ ഇതിലൂടെ ലഭിക്കും.
പൊലീസ്, ആരോഗ്യം, ഫയർഫോഴ്‌സ്, ഭക്ഷ്യ സുരക്ഷ, ഫോറസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങളും എഐ ചാറ്റ്‌ബോട്ടിന്‍റെ സഹായത്തോടെ അറിയാനാകും.
എഐ ചാറ്റ് ബോട്ട് (ETV Bharat) തിരക്കേറിയ തീർത്ഥടന കാലത്ത്, അപകട അത്യാഹിത സാധ്യതകൾ തിരിച്ചറിഞ്ഞ് ചാറ്റ് ബോട്ട് സുരക്ഷ മുന്നറിയിപ്പും നൽകും. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സഹായത്തോടെയാണ് സ്വാമി ചാറ്റ്ബോട്ട് പുറത്തിറക്കിയത്.
എഐ ചാറ്റ് ബോട്ട് (ETV Bharat) ശബരിമലയിലേക്ക് എത്തുന്ന എല്ലാ ഭക്തര്‍ക്കും തടസങ്ങള്‍ ഇല്ലാതെ ദര്‍ശനം നടത്താൻ സാധിക്കണം എന്ന ലക്ഷ്യത്തോടെയാണ് 'സ്വാമി ചാറ്റ്‌ബോട്ട്' അവതരിപ്പിച്ചതെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ഇടിവി ഭാരതിനോട് പറഞ്ഞത്. പതിനായിരത്തിലധികം ഭക്തര്‍ക്ക് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇതിന്‍റെ പ്രയോജനം ലഭിച്ചു. ഓരോ ദിവസവും 5000ല്‍ അധികം ആളുകളാണ് ചാറ്റ്‌ബോട്ടിനെ വിവരങ്ങള്‍ക്കായി ആശ്രയിക്കുന്നത്.
ക്ഷേത്ര നട തുറക്കുന്നതും അടയ്ക്കുന്നതുമായ സമയം, ബസ് ഷെഡ്യൂൾ, അടിയന്തര സഹായം തുടങ്ങിയവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 'സ്വാമി ചാറ്റ്ബോട്ടിന്' നല്‍കാൻ കഴിയും. മെഡിക്കൽ സേവനങ്ങളെക്കുറിച്ചും കൂടുതല്‍ ആളുകള്‍ ചോദിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ, മഴ, വെയിൽ, താപനില എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും 'സ്വാമി ചാറ്റ്ബോട്ടിൽ' ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രേം കൃഷ്‌ണൻ (പത്തനംതിട്ട ജില്ലാ കലക്‌ടര്‍) (ETV Bharat) സുസജ്ജം ആരോഗ്യ വകുപ്പ്
ശബരിമല തീർഥാടകർക്ക് വൈദ്യ സഹായത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ കേന്ദ്രങ്ങളിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
പമ്പയിലും സന്നിധാനത്തും പ്രവർത്തിക്കുന്ന ജനറൽ ആശുപത്രികളിൽ വിദഗ്‌ധ ചികിത്സ അടക്കമുള്ള സൗകര്യമുണ്ട്. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയാക് സെന്‍ററുകൾ സജ്ജമാക്കി. ചരൽമേട്, കരിമല എന്നിവിടങ്ങളിൽ താത്കാലിക ഡിസ്‌പെൻസറികളും പ്രവർത്തിക്കുന്നുണ്ട്.
നിലയ്ക്കലിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ കേന്ദ്രങ്ങളിലെല്ലാം 24 മണിക്കൂറും ചികിത്സ ലഭിക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ലബോറട്ടറി സൗകര്യവും വെന്‍റിലേറ്റർ അടക്കമുള്ള അത്യാഹിത വിഭാഗവും ഉണ്ട്.
പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളിൽ മിനി ഓപ്പറേഷൻ തീയേറ്ററും എക്‌സ്-റേ സൗകര്യവുമുണ്ട്. ആശുപത്രികളിൽ പാമ്പ് വിഷബാധയ്ക്ക് നൽകുന്ന ആന്‍റി വെനവും സജ്ജീകരിച്ചിട്ടുണ്ട്. എല്ലായിടത്തും സ്‌പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ സേവനവും ലഭ്യമാകും.
ഡിവോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് അയ്യപ്പ എന്ന പേരിലുള്ള സന്നദ്ധ കൂട്ടായ്‌മയിലെ 125 ഡോക്‌ടർമാരും ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഐസിയു ആംബുലൻസ് അടക്കം 14 ആംബുലൻസുകൾ പമ്പയിലും അഞ്ച് എണ്ണം നിലയ്ക്കലിലും സജ്ജമാക്കിയിട്ടുണ്ട്.
വടശ്ശേരിക്കര, പന്തളം ഇടത്താവളം എന്നിവിടങ്ങളിൽ ഓരോന്നും റാന്നി പെരുന്നാട്ട് രണ്ടും ആംബുലൻസുകൾ തയ്യാറാണ്. ഇത് കൂടാതെ സന്നിധാനത്ത് ദേവസ്വം ബോർഡിന്‍റെയും ചരൽമേട്ടിൽ വനം വകുപ്പിന്‍റേയും അപ്പാച്ചിമേട്ടിൽ ആരോഗ്യ വകുപ്പിന്‍റേയും ഓരോ ടെറൈൻ ആംബുലൻസുകളും സജ്ജമായിട്ടുണ്ട്. പമ്പയിൽ ഒരു ബൈക്ക് ഫീഡർ ആംബുലൻസുമുണ്ട്.
15 ഇഎംസികൾ
15 എമർജൻസി മെഡിക്കൽ സെന്‍ററുകൾ (ഇഎംസി) പമ്പ മുതൽ സന്നിധാനം വരെയുള്ള തീർഥാടന പതയിൽ പ്രവർത്തിക്കുന്നു. നാലെണ്ണം കരിമല റൂട്ടിലും ഉണ്ട്. എല്ലാ ഇഎംസികളിലും ഹൃദയ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരാണുള്ളത്.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പബ്ലിക് ഹെൽത്ത് സെന്‍ററുകളുടെ നേതൃത്വത്തിൽ ഫോഗിങ് അടക്കമുള്ള കൊതുക് നിവാരണ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. ഹോട്ടലുകളിലെ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തുന്നു. അടിയന്തര ഘട്ടങ്ങളിൽ ഇടപെടേണ്ട രീതികൾ സംബന്ധിച്ച് നിരന്തരമായ പരിശീലനവും നടന്ന് വരുന്നതായി ആരോഗ്യ വകുപ്പ് നോഡൽ ഓഫീസർ ഡോ. കെകെ ശ്യാംകുമാർ പറഞ്ഞു.
Also Read:അമിത വിലയീടാക്കൽ, നിയമ ലംഘനം; ശബരിമലയിൽ സംയുക്ത സ്‌ക്വാഡ് പരിശോധന